Advertisement

വലിയ ലോകത്തിലെ ചെറിയ വലിയ മനുഷ്യന്‍; ശബരീനാഥന് വിട; അരവിന്ദന്റെ രാമുവിനെ ഓര്‍ക്കുമ്പോള്‍…

January 5, 2023
Google News 2 minutes Read

..

സുധീർനാഥ്

കാർട്ടൂണിസ്റ്റ്

അരവിന്ദന്റെ രാമുവായ സുഹൃത്ത് ശബരീനാഥ് അന്തരിച്ചു. തൃക്കാക്കരയിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ സുഹ്യത്തും എുത്തുകാരിയുമായ എ എസ് പ്രിയ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു ഞെട്ടലായിരുന്നു. ത്യക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഒടുവിലായി കണ്ടത്. അന്ന് ചവറ എം.എല്‍എ. ഡോക്ടര്‍ സുജിത്ത്, കേരള ഡെന്റല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോക്ടര്‍ സന്തോഷ് ജോര്‍ജ്, വാസുദേവന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ എഴുതിയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ജീവിതകഥ പാടാത്ത യേശുദാസന്‍ എന്ന പുസ്തകം സമ്മാനിച്ചത് ഓര്‍ക്കുന്നു. കൊവിഡ് മഹാമാരിയുടെ കാലത്താണ് മലയാള കാര്‍ട്ടൂണ്‍ @ 100 എന്ന എന്റെ പുസ്തകം അമ്മയ്ക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തത്. (Sudheer Nath Remembering cartoonist sabarinathan)

രാമുവിനെ അറിയുമോ…? 1961 മുതല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കാര്‍ട്ടൂണിസ്റ്റ് ജി അരവിന്ദന്റെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരയായ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്നതിലെ നായകന്‍. 1961 ജനുവരിയിലെ റിപ്പബ്ലിക്ക് ദിനപതിപ്പിലാണ് കാര്‍ട്ടൂണ്‍ പംക്തി ആരംഭിക്കുന്നത്. ആദ്യ കാര്‍ട്ടൂണിന്റെ വിഷയം റിപ്പബ്ലിക്കായിരുന്നു. രാമു തൊഴില്‍ രഹിതനായിരുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ നാടു നീളെ റാലി നടക്കുന്നു. ഒരു ജോലി കിട്ടുന്നത് വരെ എന്നും റിപ്പബ്ലിക്ക് ദിനമായിരുന്നെങ്കില്‍ എന്ന് സ്വയം ആശ്വസിക്കുന്ന രാമുവിനെയാണ് ആദ്യ കാര്‍ട്ടൂണില്‍ കാണുന്നത്. കാര്‍ട്ടൂണിലെ എല്ലാ കഥാപാത്രങ്ങളും അരവിന്ദന്റെ സുഹൃത്തുക്കളോ, പരിചയക്കാരോ ആയിരുന്നു. അരവിന്ദന് പറയാനുള്ളതൊക്കെയാണ് ഗുരുജി എന്ന കഥാപാത്രം പറഞ്ഞിരുന്നത്.

Read Also: http://രാഷ്ട്രീയ കൗതുകം – 08 | നെറ്റിയിൽ കുറി തൊടുന്ന വിധം

കാര്‍ട്ടൂണിസ്റ്റ് ജി അരവിന്ദന്റെ ബാല്യകാല സുഹൃത്തായ ശബരീനാഥ് ആദ്യ കാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിച്ചിരുന്നു. കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ചിത്രകലയിലെ വാസനയാണ് ഇരുവരേയും അടുപ്പിച്ചത്. കാര്‍ട്ടൂണിസ്റ്റ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ 1960 മുതല്‍ 13 വര്‍ഷം മലയാളികള്‍ വായിച്ച കാലം. കാര്‍ട്ടൂണ്‍ പംക്തിയിലെ യുവാക്കളുടെ പ്രതീകമായി രാമു നിറഞ്ഞ് നിന്നിരുന്നു. രാമുവിനെ കൂടാതെ ഗുരുജിയും മറ്റ് അനേകം കഥാപാത്രങ്ങളും ഈ കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഉണ്ട്. അരവിന്ദന്റെ പരിചിത വ്യക്തികളാണ് എല്ലാ കഥാപാത്രങ്ങളും.

കുട്ടിക്കാലം മുതല്‍ അരവിന്ദന്റെ സുഹൃത്താണ് ശബരീനാഥ്. റബര്‍ ബോര്‍ഡില്‍ ജോലിയുമായി കോതമംഗലത്ത് അരവിന്ദന്‍ കഴിയുന്ന സമയത്താണ് കാര്‍ട്ടൂണ്‍ പംക്തി വരയ്ക്കാന്‍ തുടങ്ങുന്നത്. അരവിന്ദന്റെ മുറിയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ താമസിച്ചിരുന്ന സുഹൃത്താണ് തൃക്കാക്കരയില്‍ വിശ്രമ ജീവിതം നയിക്കുന്ന ചിത്രകാരന്‍ കൂടിയായ ശബരീനാഥ്. അന്ന് അരവിന്ദന്‍ രാമുവിനെ വരയ്ക്കാന്‍ മാതൃകയാക്കിയത് ശബരീനാഥിനെ ആയിരുന്നു. പ്രായം കൂടിയപ്പോള്‍ അദ്ദേഹം ഗുരുജിയെ പോലായി. ശബരീനാഥിന് ഫാക്റ്റില്‍ ജോലി ലഭിച്ചപ്പോള്‍ കഥാപാത്രമായ രാമു പെറ്റി ബൂര്‍ഷയായി…! ജി അരവിന്ദന്റെ രാമുവായ സുഹൃത്ത് ശബരീനാഥാണ് അന്തരിച്ചത്. ത്യക്കാക്കരയില്‍ കലയെ കുറിച്ച് സംസാരിക്കാന്‍ കോളേജ് കാലം മുതല്‍ ഉണ്ടായ അങ്കിള്‍, ജേഷ്ഠന്‍, സുഹൃത്ത്…. പ്രിയ ശബരീ സാര്‍… വിട.. പ്രണാമം…

Story Highlights: Sudheer Nath Remembering cartoonist sabarinathan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here