അവിശ്വസനീയ ഇന്നിംഗ്സുമായി സർഫറാസ്; ന്യൂസീലൻഡിനെതിരെ സമനില പിടിച്ച് പാകിസ്താൻ

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് ആവേശസമനില. രണ്ടാം ഇന്നിംഗ്സിൽ 318 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ 9 വിക്കറ്റ് നഷ്ടത്തിൽ 304 റൺസ് എടുത്തുനിൽക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 118 റൺസിൻ്റെ തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവച്ച മുൻ നായകൻ സർഫറാസ് അഹ്‌മദാണ് പാകിസ്താന് വിജയത്തോളം മൂല്യമുള്ള സമനില സമ്മാനിച്ചത്. സർഫറാസാണ് കളിയിലെയും പരമ്പരയിലെയും താരം.
റൺസ് എടുക്കും മുൻപ് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടാണ് പാകിസ്താൻ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇമാമുൽ ഹഖ് (12) വേഗം മടങ്ങിയതോടെ പാകിസ്താൻ തോൽവി ഭയന്നു. ബാബർ അസം (27), ഷാൻ മസൂദ് (35) എന്നിവരും വേഗം മടങ്ങിയതോടെ പാകിസ്താൻ 5 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലേക്ക് തകർന്നു. തോൽവി ഉറപ്പിച്ച ഇടത്തുനിന്ന് സർഫറാസും സൗദ് ഷക്കീലും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് പാകിസ്താനെ കൈപിടിച്ചുയർത്തി. സർഫറാസ് ജയത്തിനായി കളിച്ചപ്പോൾ ഷക്കീൽ ഉറച്ച പിന്തുണ നൽകി. 123 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും പങ്കാളികളായത്. 146 പന്തുകളിൽ 32 റൺസ് നേടി ഷക്കീൽ പുറത്തായതിനു പിന്നാലെ എത്തിയ ആഘ സൽമാനും സർഫറാസിന് പിന്തുണ നൽകി. ഇതിനിടെ സർഫറാസ് തൻ്റെ സെഞ്ചുറിയും നേടി. 70 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ആഘ സൽമാനും (30) മടങ്ങി. 9ആം വിക്കറ്റായാണ് സർഫറാസ് പുറത്തായത്. നസീം ഷാ (15), അബ്രാർ അഹ്‌മസ് (7) എന്നിവർ വിജയത്തിലേക്ക് ബാറ്റ് വീശിയെങ്കിലും വെളിച്ചക്കുറവിനെ തുടർന്ന് അമ്പയർമാർ കളി അവസാനിപ്പിക്കുകയായിരുന്നു.
Story Highlights: sarfaraz ahmed new zealand pakistan drew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here