അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ നരബലിയിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും വേണ്ടി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല് സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം പാകംചെയ്ത് കഴിച്ചതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ 200 ഓളം പേജുകളുണ്ടെന്നാണ് സൂചന. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബർ 26 ന്നാണ് തമിഴ്‌നാട് സ്വദേശി പത്മം കൊല്ലപ്പെടുന്നത്. റോസ്ലിന്റെ കൊലപാതകക്കേസിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും.
Story Highlights: elanthoor human sacrifice first chargesheet today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here