Advertisement

പക്ഷിപ്പനി: കരുതലും ജാഗ്രതയുമായി മൃഗസംരക്ഷണ വകുപ്പ്

January 9, 2023
Google News 1 minute Read

തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി. ഇറച്ചി, മുട്ട, വളം എന്നിവയുടെ വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഴൂര്‍ പഞ്ചായത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയുടെ കടത്ത്, വില്പന, കൈമാറ്റം എന്നിവയും ജില്ലാ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും ഒഴിവാക്കുന്നതിനമുള്ള ചുമതല. പക്ഷിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതിനകം മരണപ്പെട്ടതും കൊന്നൊടുക്കിയതമായ പക്ഷികള്‍ക്കും നശിപ്പിക്കപ്പെട്ട മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തു നില്കാതെ ആലപ്പുഴയിലും കോട്ടയത്തുമായി 4 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 200 രൂപയും ചെറിയ പക്ഷികള്‍ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം മുട്ട ഒന്നിന് 5 രൂപയും തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലും നഷ്ടപരിഹാരം നല്കുന്നുണ്ട്. ആലപ്പുഴയില്‍ 10 ഉം കോട്ടയത്ത് 7 ഉം തിരുവനന്തപുരത്ത് അഴൂര്‍ പഞ്ചായത്തിലുമാണ് ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചത് നിയന്ത്രണ നടപടികളുടെ ഭാഗമായി 74297 പക്ഷികളും 33 മുട്ടകളും 1000 കിലോ തീറ്റയുമാണ് ഇതുവരെ നശിപ്പിക്കപ്പെട്ടത്.

പക്ഷിപ്പനിയുടെ കാര്യത്തില്‍ ആശങ്കയല്ല കനത്ത ജാഗ്രതയാണ് വേണ്ടത്. കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കര്‍ശന നിയന്ത്രണമാര്‍ഗ്ഗങ്ങളോടും കടത്ത്, വില്പന, കൈമാറ്റ നിയന്ത്രണങ്ങളോടും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ചിഞ്ചുറാണി അഭ്യര്‍ത്ഥിച്ചു.

Story Highlights: Avian Flu: Care and Vigilance Animal Husbandry Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here