വാട്ടർ ബില്ലിൽ പോക്കറ്റ് കീറും; വെള്ളം കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇരുട്ടടി

വാട്ടർ ബില്ലിൽ പോക്കറ്റ് കീറും. വെള്ളം കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇരുട്ടടിയായി. ലിറ്ററിന് കൂട്ടിയത് ഒരു പൈസയെങ്കിലും ഫലത്തിൽ വൻവർധനവ് അനുഭവപ്പെടും. 5000 ലിറ്റർ വരെ മിനിമം ചാർജ് 72.05 ആകും, നിലവിൽ 22.05 രൂപയാണ്. ഓരോ ആയിരം ലിറ്ററിനും 10 രൂപവീതം കൂടും. 10000 ലിറ്ററിന് 144.41 രൂപയാകും, നിലവിൽ 44.41 രൂപയാണ്. മാത്രമല്ല 15000 ലിറ്റർ 221.65 രൂപയാകും, പഴയനിരക്ക് 71.65 രൂപയാണ്. കൂടാതെ 20000 ലിറ്ററിന് 332.4 ആകും, നിലവിൽ 132.4 രൂപയാണ്.
വെള്ളക്കരം വർധന മാർച്ചിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. വെള്ളക്കരം കൂട്ടിയതിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ല. ചെറിയ തോതിലാണ് വർധനവെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ എല്ലാം പോസിറ്റീവ് ആയി എടുക്കണം. അധികഭാരം ഇല്ല. സേവനം മെച്ചപ്പെടുത്താനാണ് തുക ഉയർത്തുന്നത്. പുതിയ സിസ്റ്റങ്ങൾ കൊണ്ട് വരാനുള്ള വരുമാനം കണ്ടെത്താനാണ് വർധനവെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടം നികത്താനല്ല വില കൂട്ടിയത്. സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊർജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ. അതാണ് കണക്ഷൻ വിശ്ചേദിക്കാത്തതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ കൂട്ടാൻ ജല വകുപ്പിന് ഇടതു മുന്നണി അനുവാദം നൽകിയിരുന്നു. ഇതേതുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വാട്ടർ അതോറിറ്റി 2391 കോടി നഷ്ടത്തിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിപിഎല്ലുകാർക്ക് വെള്ളക്കരം വർധനവ് ബാധകമല്ല. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിക്കുകയായിരുന്നു.
Story Highlights: Increase in water bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here