ഐഎസ്എൽ: വിജയവഴിയിലേക്ക് തിരികെയെത്താൻ ബ്ലാസ്റ്റേഴ്സും ഗോവയും; ഇന്ന് കളി തീപാറും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിൽ ഏറ്റുമുട്ടും. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് മടക്കമില്ലാത്ത നാല് ഗോളുകൾക്ക് തകർന്ന ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരികെയെത്താനാണ് ശ്രമിക്കുന്നത്. അതേസമയം, തുടരെ നാല് മത്സരങ്ങളായി ജയമറിയാത്ത ഗോവയ്ക്കും ഇന്ന് വിജയിക്കണം. 13 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തും 14 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റുള്ള ഗോവ പട്ടികയിൽ ആറാം സ്ഥാനത്തുമാണ്.
എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിയോടേറ്റ തോൽവി കനത്ത തിരിച്ചടിയാണ്. സസ്പൻഷനിലായി കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്ന ഇവാൻ കലിയുഷ്ണി ഇന്ന് കളിക്കും. അതേസമയം, സസ്പൻഷനിലുള്ള കെഎൽ രാഹുൽ ഇന്ന് കളിക്കില്ല. പ്രതിരോധ നിരയിലെ പ്രധാന താരം മാർകോ ലെസ്കോവിച് ഇന്നും ഇറങ്ങില്ല. ലെസ്കോവിചിൻ്റെയും കലിയുഷ്ണിയുടെയും അഭാവമാണ് മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത്.
ആദ്യ പാദത്തിൽ ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയിരുന്നു.
Story Highlights: kerala blasters fc goa isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here