‘സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലിത്’; ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ച അനില്‍ ആന്റണിയെ തള്ളി ഷാഫി പറമ്പിൽ

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ കോൺഗ്രസ് നിലപാടിനെ തള്ളിയ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ. അനില്‍ ആന്റണിയുടെ നിലപാടിനെ പൂർണമായും തള്ളുകയായിരുന്നു ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. ബിബിസി ഡോക്യുമെന്‍ററി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാണ്. ഇതില്‍ ഒരു അഭിപ്രായഭിന്നതയുമില്ല. ഇത് സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ( BBC documentary Shafi Parambil criticized Anil Antony ).
ഇക്കാര്യത്തിൽ അനിൽ ആന്റണിക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് റിജിൽ മാക്കുറ്റി പ്രതികരിച്ചു. അനിൽ ആൻ്റണിയുടേത് പാർട്ടി നിലപാടല്ല. പാർട്ടി നിലപാട് എന്താണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന് അനിൽ വ്യക്തമാക്കണമെന്നും റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നാണ് കോൺഗ്രസ് മീഡിയ സെൽ മേധാവി അനിൽ കെ ആന്റണി ട്വീറ്റ് ചെയ്തത്. ‘ബിജെപിയോടുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു, ഇന്ത്യയെ മുൻവിധിയോടെ മാത്രം കാണുന്നതും, ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്‌ട്രോയുടെ പരാമർശവും ഉൾപ്പെടുത്തിയ സ്റ്റേറ്റ് സ്‌പോൺസേർഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- ഇത്തരത്തിലായിരുന്നു അനിൽ കെ ആന്റണിയുടെ ട്വീറ്റ്.
വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അനിൽ കെ ആന്റണിയുടെ മോദി അനുകൂല ട്വീറ്റ് കോൺഗ്രസ് നേതാക്കളെയാകെ ഞെട്ടിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും വ്യക്തമാക്കി. ‘India: The Modi Question’ കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ കെഎസ്‌യു നേതൃത്വം കൊടുക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പറഞ്ഞിരുന്നു.
Story Highlights: BBC documentary Shafi Parambil criticized Anil Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here