ആ മിന്നും ഗോൾ പിറന്നത് ഈ കാലുകളിൽ നിന്ന്; വൈറലായ ബാലനെ കണ്ടെത്തി

ഫുട്‌ബോൾ ആരാധകർക്കിടയിൽ ചർച്ചയായി മലപ്പുറം അരീക്കോട് സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്റെ മിന്നും ഗോൾ. ആറാം ക്ലാസ് വിദ്യാർഥിയായ കെ.കെ. അൻഷിദിൻറെ ‘ബാക്ക് ഹീൽ ‘ ഗോൾ പങ്ക് വെച്ചത് ഐഎസ്എല്ലിന്റെ ഒഫീഷ്യൽ പേജുകൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചു. ( malappuram anshid back heel goal )
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ നടന്ന അണ്ടർ -12 ടൂർണമെൻറിലെ മത്സരത്തിലാണ് ഈ വൈറൽ ഗോൾ പിറന്നത്. ഇടതുവിങ്ങിൽ നിന്നും ലഭിച്ച ക്രോസ് അൻഷിദ് ഉയർന്ന് ചാടി വായുവിൽ നിന്ന് തന്നെ മികച്ച ഒരു ബാക്ക് ഹീലിലൂടെ അനായാസം വലയിലെത്തിച്ചു. അൻഷിദിന് ഗോളിന് വഴിയൊരുക്കിയത് ഗോളിനോളം മികച്ച അസിസ്റ്റിലൂടെ സഹതാരം ഹംദാനാണ്.
കാവനൂർ കാസ്‌കോ ക്ലബിൻറെ താരമാണ് അൻഷിദും, ഹംദാനും. പരിശീലകരിലൊരാളായ ഇംദാദാണ് വൈറൽ ഗോൾ ദൃശ്യം പകർത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഔദ്യോഗിക സാമൂഹ്യമാധ്യമ പേജീലൂടെയും, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെയുമാണ് ഗോൾ വീഡിയോ ശ്രദ്ധ നേടിയത്.
നേരത്തെയും ഇത്തരം ഗോൾ ശ്രമങ്ങൾ നടത്തിയ അൻഷിദിന് മികച്ച ഫുട്‌ബോളറായി മിന്നും ഗോളുകൾ സ്വന്തമാക്കുക എന്നത് തന്നെയാണ് ഭാവി പദ്ധതി.
Story Highlights: malappuram anshid back heel goal