Advertisement

പശ്ചാത്തല മേഖലക്കും ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ് : മന്ത്രി പി.എ.മുഹമ്മദ് റിയാസ്

February 3, 2023
Google News 2 minutes Read

സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലക്കും ടൂറിസം മേഖലക്കും വലിയ കുതിപ്പേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ് . കേരളത്തിലെ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1144.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ റോഡുകള്‍ മികച്ച നിലവാരത്തില്‍ പരിപാലിക്കുന്നതിന് ഓവര്‍ലേയിംഗ് പ്രവൃത്തികള്‍ക്ക് മാത്രമായി 225 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണം ആവശ്യമുള്ള റോഡുകള്‍ക്ക് ഈ തുക വിനിയോഗിക്കാന്‍ കഴിയും. ഇതോടെ റണ്ണിംഗ് കോണ്‍ട്രാക്ട് വഴിയുള്ള പരിപാലനം കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കാനും പൊതുമരാമത്ത് വകുപ്പിന് സാധിക്കും.

കേരളത്തിന്റെ മുന്‍ഗണനാ പദ്ധതികളില്‍ ടൂറിസത്തെ ഉള്‍പ്പെടുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. കേരള ടൂറിസം 2.0 എന്ന പ്രത്യേക പദ്ധതി തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചു. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം-അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ ഡെസ്റ്റിനേഷനുകള്‍ എക്സ്പീര്യന്‍ഷ്യല്‍ വിനോദ സഞ്ചാരത്തിനായി ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ടൂറിസത്തിന്റെ സമഗ്ര വളര്‍ച്ചക്ക് വഴിയൊരുക്കുന്നതാണ്.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

ഏഴ് ടൂറിസം ഇടനാഴികള്‍ വികസിപ്പിക്കുന്നതിനു വേണ്ടി പ്രഖ്യാപിച്ച 50 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഡെസ്റ്റിനേഷനുകളിലേക്കുള്ള സഞ്ചാരികളുടെ വരവിന് ആക്കംകൂട്ടും. കോവിഡാനന്തര ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ വര്‍ക്കേഷന്‍ എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ “വര്‍ക്ക് ഫ്രം ഹോളിഡേ ഹോം” എന്ന പദ്ധതി മുതല്‍കൂട്ടാകും. തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. കാപ്പാട് ചരിത്ര മ്യൂസിയം, കൊല്ലം ഓഷ്യനേറി-മ്യൂസിയം തുടങ്ങിയ പദ്ധതികള്‍ ടൂറിസം മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ സഹായകരമാകുന്നതാണ്. കേരള ടൂറിസത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും സുസ്ഥിര വളര്‍ച്ചക്ക് ഗുണകരമാകുന്ന ഉത്തരവാദിത്ത ടൂറിസം ഉള്‍പ്പെടയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമേകുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങളെന്നും മന്ത്രി പറഞ്ഞു.

Story Highlights: P A Muhammed Riyas About Kerala Budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here