‘ഞാനൊരു പുരുഷനല്ലേ ? അതുകൊണ്ട് ഗർഭം ആദ്യം അംഗീകരിക്കാൻ സാധിച്ചില്ല’; ഇന്ത്യയിൽ ഗർഭം ധരിക്കുന്ന ആദ്യ ട്രാൻസ് പുരുഷൻ ട്വന്റിഫോറിനോട്

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളാകാൻ ഒരുങ്ങി സിയ പവലും സഹദും. പിറക്കാൻ പോകുന്ന സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. ( trans couple zahad ziya expects baby )
ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്‌നമാണ് ഒടുവിൽ പൂവണിയുന്നത്. ട്രാൻസ് പുരുഷൻ ആയ സഹദ് ഗർഭം ധരിച്ചിട്ട് ഒൻപത് മാസമായി. പുതിയൊരു അതിഥി കൂടി ഇവരുടെ ജീവിതത്തിലേക്ക് ഉടൻ എത്തും. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.
‘സൊസൈറ്റി എന്ത് വേണമെങ്കിലും പറയട്ടെ, നമുക്ക് മുന്നോട്ട് പോകാമെന്നായിരുന്നു സഹദ് പറഞ്ഞത്. എൽജിബിടി കമ്യൂണിറ്റിയിലെ ആദ്യ കുഞ്ഞല്ലേ, അതിന്റെ സന്തോഷത്തിലാണ് എല്ലാവരും’- സിയ പവൽ ട്വന്റിഫോറിനോട് പരഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗർഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെങ്കിലും ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന.
‘ഞാനൊരു പുരുഷനല്ലേ ? അതുകൊണ്ട് ആദ്യം സ്വീകരിക്കാൻ പറ്റിയില്ല. പിന്നെ, നമ്മുടെ കുഞ്ഞല്ലേ, എന്തിനാണ് നാണിക്കുന്നത്, എന്തിനാ സൊസൈറ്റിയെ പേടിക്കുന്നത് എന്ന് തോന്നി. ഇപ്പോൾ അച്ഛന്റെ വികാരവും അമ്മയുടെ വികാരവും ഒരുമിച്ച് അനുഭവിക്കാൻ പറ്റുന്നുണ്ട്’- സഹദ് പറഞ്ഞു.
പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും… ഇതുവരെ അനുഭവിച്ച വേദനകളുടെയും പരിഹാസങ്ങളുടെയും മുറിവുണക്കി ഇവരുടെ ജീവിതത്തിന് നിറം പകരാൻ ആ കുഞ്ഞ് ഉടൻ എത്തും. ആ കാത്തിരിപ്പിലാണ് ഇവരും ട്രാൻസ് സമൂഹവും.
Story Highlights: trans couple zahad ziya expects baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here