Advertisement

സൈനികനിൽ നിന്ന് പാക്കിസ്താൻ പ്രസിഡന്റിലേക്ക് വളർന്ന പർവേസ് മുഷറഫിന്റെ കഥ

February 5, 2023
Google News 2 minutes Read
Pervez musharraf

പാക്കിസ്താന്റെ 10 ആം പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് പടി പടി ആയാണ് ആ സ്ഥാനത്തേക്ക് എത്തിയത്. സൈനികനായി ഔദ്യോ​ഗിക ജീവിതം തുടങ്ങിയ മുഷറഫ് കരസേന മേധാവി ആയിരിക്കെ പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി. കാർഗിൽ യുദ്ധ കാലത്തിന്റെ പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്. ഏറെ കാലമായി പാക് രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം. (The story of pervez musharraf)

1943 ഓഗസ്‌റ്റ് 11 ന് അവിഭക്ത ഇന്ത്യയിലെ ദില്ലിയിലായിരുന്നു മുഷറഫ് ജനിച്ചത്. വിഭജനത്തെ തുടർന്നു അദ്ദേഹം പാക്കിസ്‌താനിലെ കറാച്ചിയിലെത്തി. പിന്നീട് പാക്കിസ്താൻ മിലിട്ടറി അക്കാദമിയിലെ പഠനത്തിന് ശേഷം 1964 ൽ മുഷറഫ് പാക്ക് പട്ടാളത്തിൽ ചേർന്നു. അവിടെ നിന്നാണ് എല്ലാത്തിനും തുടക്കം. 1965 ലും 1971 ലും ഇന്ത്യാ പാക് യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ശേഷം 1998 ആയപ്പോഴേക്കും നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവിയാക്കി. എന്നാൽ അതേ നവാസ് ഷറഫറിനെ ഒറ്റരാത്രി കൊണ്ട് അട്ടിമറിച്ച് ജയിലിലാക്കി അധികാരം പിടിച്ചെടുത്ത ചരിത്രമാണ് മുഷറഫിനുള്ളത്.

1999 ഒക്ടോബർ 13 ന് ആയിരുന്നു ലോകത്തെ അമ്പരപ്പിച്ച ആ പട്ടാള അട്ടിമറി നടന്നത്. 2001 വരെ സൈനിക മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകിയ മുഷറഫ് 2001 ൽ പിന്നീട് പ്രസിഡന്റായി അധികാരമേറ്റു. ഭരണകാലത്ത് അദ്ദേഹം രാഷ്ട്രീയ എതിരാളികളോട് പോരടിച്ചു. എന്നാൽ 2007 മാർച്ചിൽ ജുഡീഷ്യറിയുമായുണ്ടായ ഏറ്റുമുട്ടലാണ് മുഷറഫിന്റെ ഭരണത്തിന് തിരശ്ശീല വീഴ്ത്തിയത്.
ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ മുഷറഫ് പുറത്താക്കി. എന്നാൽ ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തു കൊണ്ട് പാക്ക് സുപ്രീം കോടതി പിറ്റേന്ന് ഉത്തരവിട്ടു.

അധികാരം നിലനിർത്താനുള്ള താൽപര്യത്തിൽ 2007 ഡിസംബറിൽ മുഷറഫ് പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ
മുഷറഫിനെതിരെ ഒന്നിച്ച് പോരാടാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. എന്നാൽ ഇംപീച്ചേമ്ന്റിന്റെ വക്കിൽ നിൽക്കെ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു. അതിന് ശേഷം രാജ്യം വിട്ട് യുഎഇയിലേക്ക് മുഷറഫ് മടങ്ങി പോയി. പിന്നീട് 2013 ൽ മടങ്ങിയെത്തിയ മുഷറഫ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. താൻ ജയിലിൽ പോകേണ്ട സാഹചര്യം വരും എന്ന വക്കിലായപ്പോൾ 2016 ൽ വീണ്ടും അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. നിരവധി കേസുകളിൽ പ്രതിയായിരുന്നു മുഷറഫ്. അതിലൊന്നായിരുന്നുമുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസില്‍ പാകിസ്ഥാന്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജഡ്ജിമാരെ ഇംപീച്ച് ചെയ്യുകയും തടങ്കലിലാക്കുകയും ചെയ്ത കേസില്‍ പ്രാദേശിക കോടതി അ​ദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. തിരിച്ച് സ്വന്തം നാട്ടിൽ എത്തിയാൽ എന്താകുമെന്ന് അറിയാവുന്ന മുഷറഫ് പിന്നീട് അതിനു നിന്നില്ല. ആരോ​ഗ്യപരമായ പല പ്രശ്നങ്ങളും പിന്നീട് അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയിരുന്നു. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗംബാധിച്ച് രണ്ടു വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. യന്ത്ര സഹായത്തോടെ അന്ന് ഏറെ മാസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്.

Story Highlights: The story of pervez musharraf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here