റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള അദാനിയുടെ ഫോട്ടോ പുറത്തുവിട്ട് ബിജെപി

ഗൗതം അദാനി വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള ഗൗതം അദാനിയുടെ ചിത്രങ്ങൾ ബിജെപി പുറത്തുവിട്ടു. ലോക്‌സഭയിൽ കേന്ദ്രത്തിനെതിരെ രാഹുൽ നടത്തിയ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്.
രാജ്യം അദാനിക്ക് പതിച്ച് നൽകിയോ? രാജ്യം മുഴുവൻ അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ ബിസിനസ് രംഗത്തും അദാനിക്ക് മാത്രം വിജയിക്കാനാവുന്നത് എങ്ങനെയാണ്. അദാനിയുടെ വിജയത്തെപ്പറ്റി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 2014 മുതൽ അദാനിയുടെ സമ്പത്ത് കുത്തനെ കൂടിയെന്നും രാഹുൽ ഗാന്ധി ഇന്ന് ലോക്‌സഭയിൽ ഉന്നയിറച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനി പ്രധാനമന്ത്രിയുടെ വിധേയൻ ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ ഗുജറാത്ത് വികസനത്തിന് ചുക്കാൻ പിടിച്ചത് അദാനിയാണ്. അതുവഴി അദാനി ബിസിനസ് വളർത്തിയെന്ന് പറഞ്ഞ രാഹുൽ, മോദിയും അദാനിയും ഒരുമിച്ചുള്ള ചിത്രം ഉയർത്തിക്കാട്ടി. എന്നാൽ ലോക്സഭയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ശ്രമിക്കരുതെന്ന് സ്‌പീക്കർ താക്കീത് നൽകി.
Story Highlights: BJP releases Gautam Aadani’s photos with Robert Vadra