മാൻകൊമ്പ് കേസ് ഒതുക്കിതീർക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ
മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കാൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് ഇടുക്കി വിജിലൻസ് പിടികൂടിയത്.
പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് തൊടുപുഴ പൊലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു. മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി തുക കുറച്ചു നൽകാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസർ നിർബന്ധം പിടിച്ചു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
Story Highlights: deer horn case bribery arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here