ആന്റിനയും സോളാർ പാനലും, ചൈനീസ് ബലൂൺ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ; യുഎസ്

ചൈനീസ് ചാര ബലൂണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അമേരിക്ക പുറത്തുവിട്ടു. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് ബലൂൺ ഉപയോഗിച്ചത്. ആശയവിനിമയ സിഗ്നൽ, ഇന്റലിജൻസ് ശേഖരണ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ ബലൂണിന് കഴിയുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ വ്യോമമേഖലയില്‍ കണ്ടെത്തിയ ചാരബലൂണ്‍ യുഎസ് വെടിവച്ചു വീഴ്ത്തിയിരുന്നു.
ബലൂൺ കാലാവസ്ഥാ ഗവേഷണത്തിന് ഉപയോഗിച്ചതാണെന്നും യുഎസ് വ്യോമാതിർത്തിയിലേക്ക് അതിന്റെ ഗതി വ്യതിചലിച്ചുവെന്നുമുള്ള ബീജിംഗിന്റെ വാദത്തെ വാഷിംഗ്ടൺ വീണ്ടും നിഷേധിച്ചു. ബലൂണിന്റെ ഉപകരണങ്ങൾ രഹസ്യാന്വേഷണ നിരീക്ഷണത്തിന് വേണ്ടിയുള്ളതാണ്. കാലാവസ്ഥാ ബലൂണുകളുടെ ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു.
ആശയവിനിമയ സിഗ്നലുകൾ ശേഖരിക്കാനും ജിയോ-ലൊക്കേഷൻ കണ്ടെത്താനും കഴിവുള്ള ഒന്നിലധികം ആന്റിനകൾ ബലൂണിൽ ഉണ്ട്. ഇന്റലിജൻസ് ശേഖരണ സെൻസറുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ വലിയ സോളാർ പാനലുകൾ സജ്ജീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ബലൂണിന്റെ നിർമ്മാതാവിന് ചൈനീസ് സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ബലൂൺ നിർമ്മിച്ച കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇത്തരം ബലൂണുകൾ 5 ഭൂഖണ്ഡങ്ങളിലായി 40-ലധികം രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ദക്ഷിണ കരോലിനയുടെ മുകളിലാണ് ചൈനീസ് ബലൂണിന് നേരെ യുഎസ് സേന മിസൈലാക്രമണം നടത്തിയത്. അതേസമയം ബലൂൺ വെടിവച്ച് വീഴ്ത്തിയതിനെ ചൈന അപലപിച്ചു.
Story Highlights: Chinese balloon capable of gathering intelligence – US official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here