Advertisement

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു; 9 മരണം

February 14, 2023
Google News 2 minutes Read

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് ഒമ്പത് പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു പ്രവിശ്യയെ ക്വാറന്റൈനിലാക്കിയതായി അദ്ദേഹം അറിയിച്ചു. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ടതാണ് പുതുതായി റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്.

ജനുവരി 7 നും ഫെബ്രുവരി 7 നും ഇടയിലാണ് ഒമ്പത് മരണങ്ങൾ ഉണ്ടായത്. കീ-എൻടെം പ്രവിശ്യയിലും സമീപ ജില്ലയായ മോംഗോമോയിലും ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. കെ-എൻടെമിലെ 4,325 പേരെ ക്വാറന്റൈനിലാക്കി. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസഭയുമായും കൂടിയാലോചിച്ച ശേഷം ലോക്ക്ഡൗൺ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എബോള പോലെ മാർബർഗും മാരകമായേക്കാം. മാർബർഗ് ഹെമറാജിക് ഫീവർ എന്നറിയപ്പെട്ടിരുന്ന മാർബർഗ് വൈറസ് രോഗത്തിന്(എംവിഡി) കാരണമാകുന്നതാണ് മാർബർഗ് വൈറസ്. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ട മാർബർഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് മരണനിരക്ക് 88% ആണ്. 1967ൽ ജർമനിയിലെ മാർബർഗ് നഗരത്തിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

രോഗബാധിതന്‍റേയോ ഉറവിടത്തിന്‍റെയോ ദ്രവങ്ങൾ, കലകൾ, കോശങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മാർബർഗ് വൈറസ് പടരുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പടരാം. രോഗബാധിതരുടെ ശരീരദ്രവങ്ങൾ, ചർമ്മം, കോശങ്ങൾ, രക്തം എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സ്രവങ്ങളാൽ മലിനമായ കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നു.

Story Highlights: Deadly Ebola-Like Virus Kills 9 In Equatorial Guinea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here