ആദ്യ പകുതിയിൽ 4-1 ന് പിന്നിൽ; രണ്ടാം പകുതിയിൽ സമനില പിടിച്ച് കേരളം

സന്തോഷ് ട്രോഫി അവസാന റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രയോട് ആവേശ സമനില നേടി കേരളം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പുറകിലായ കേരളം കളം പിടിച്ചത് രണ്ടാം പകുതിയിൽ. മൂന്ന് ഗോളുകൾ അടിച്ച് കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ, ഈ സമനില കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് വിലങ്ങുതടിയായി. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിയ്ക്കുകയും ഒപ്പം മറ്റ് ടീമുകളുടെ റിസൾട്ടും അനുസരിച്ചായിരിക്കും ടീമിന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ. Kerala drew against Maharashtra on Santosh Trophy
കേരളത്തിന്റെ പ്രതിരോധ നിര നോക്കി നിൽക്കെയാണ് ആദ്യ പകുതിയിൽ മഹാരാഷ്ട്രയുടെ ഗോൾ നേട്ടങ്ങൾ. 16 ആം മിനുട്ടിൽ മഹാരാഷ്ട്രയുടെ വിഷ്ണു മേനോൻ ബോക്സിലേക്ക് നൽകിയ ക്രോസ്സ് വലയിലെത്തിച്ച് സുഫിയാൻ ഷെയ്ക്കാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. 19 ആം മിനുട്ടിൽ അമീൻ വരുത്തിയ പ്രതിരോധ പിഴവാണ് ഹിമാൻഷു പാട്ടീലിന്റെ ഗോളിലേക്ക് വഴി വെച്ചത്. മുപ്പത്തിയഞ്ചാം മിനുട്ടിൽ സുമിത് ഭണ്ഡാരിയും കേരളത്തിന്റെ വല കുലുക്കി. തുടർന്ന് വിശാഖ് മോഹനൻ കേരളത്തിനായി ഗോൾ നേടി. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ സുഫിയാൻ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി.
Read Also: ഇനി ഉറക്കമില്ലായ്മയുടെ നാളുകൾ; ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ
രണ്ടാം പകുതി സാക്ഷ്യം വഹിച്ചത് മത്സരത്തിലേക്കുള്ള കേരളത്തിന്റെ തിരിച്ചു വരവിനാണ്. 64 ആം മിനുട്ടിൽ റിസ്വാൻ അലിയുടെ മുന്നേറ്റം തടഞ്ഞ മഹാരാഷ്ട്രയുടെ തേജസ് റൗട്ടിന് പിഴച്ചു. തേജസിന്റെ കയ്യിൽ പന്ത് തട്ടിയതോടെ കേരളത്തിന് പെനാൽറ്റി അനുവദിച്ചുള്ള റഫറിയുടെ വിസിൽ മുഴങ്ങി. ഷോട്ട് എടുത്ത നിജോ ഗിൽബർട്ടിന് ഉന്നം പിഴച്ചില്ല. 71 ആം മിനുട്ടിൽ അർജുനിലൂടെ ടീമിന്റെ മൂന്നാം ഗോളും പിറന്നു. 77 ആം മിനുട്ടിൽ ജോൺ പോൾ ജോസിലൂടെ കേരളം സമനില കണ്ടെത്തിയപ്പോൾ മഹാരാഷ്ട്ര ഞെട്ടി. ഓഫ് സൈഡ് സ്പർശമുള്ള ആ ഗോൾ നിലനിൽക്കില്ല എന്ന മഹാരാഷ്ട്ര താരങ്ങളും സ്റ്റാഫുകളും വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.
സമനിലയോടെ കേരളത്തിന് മൂന്ന് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ടൂർണമെന്റിൽ ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ച മഹാരാഷ്ട്രക്ക് എതിരെ കേരളം ഗോളുകൾ വഴങ്ങിയതിൽ ആരാധകർ അമ്പരപ്പിലാണ്. ഒഡിഷക്ക് എതിരെ ഫെബ്രുവരി 17നാണ് കേരളത്തിന്റെ അടുത്ത മത്സരം.
Story Highlights: Kerala drew against Maharashtra on Santosh Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here