Advertisement

12 വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വമുപേക്ഷിച്ചവരുടെ എണ്ണം 1.6 മില്യണ്‍! ഏറ്റവും കൂടുതല്‍ 2022ല്‍

February 17, 2023
Google News 2 minutes Read
1.6 million people gave up Indian citizenship since 2011

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2022ലെ അവസാന 10 മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.(1.6 million people gave up Indian citizenship since 2011)

2015ല്‍ 131,489 പേരും 2016ല്‍ 141,603 പേരും 2017ല്‍ 133,049 പേരും 2018ല്‍ 134,561 പേരും 2019ല്‍ 144,017 പേരും 2020ല്‍ 85,256 പേരും 2021ല്‍ 163,370 പേരും 2022 ഒക്ടോബര്‍ 31 വരെ 1,83,741 പേരുമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2011ല്‍ 122,819 ഇന്ത്യക്കാരും 2012ല്‍ 120,923 പേരും 2013ല്‍ 131,405 പേരും 2014ല്‍ 129,328 പേരുമാണ് പൗരത്വം ഉപേക്ഷിച്ചത്. 2011 മുതലുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടത് ആകെ 1.6 മില്യണ്‍ ആളുകളാണ്.

ഇന്ത്യക്കാര്‍ എവിടേക്ക്?

2021ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച 1.63 ലക്ഷം പേരില്‍ 78,284 ഇന്ത്യക്കാരും നേടിയത് യുഎസ് പൗരത്വമാണ്. ഓസ്ട്രേലിയയില്‍ 23,533 പേര്‍ക്കും കാനഡയില്‍ 21,597 പേര്‍ക്കും യുകെയില്‍ 14,637 പേര്‍ക്കും പൗരത്വം ലഭിച്ചു. 2020ലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ചേക്കേറിയത്. 2019നും 2021നും ഇടയില്‍ 103 രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ പൗരത്വത്തിനായി തെരഞ്ഞെടുത്തത്.

ആരോഗ്യം, ഐടി, നിയമം, അക്കൗണ്ടിംഗ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി നിരവധി ഇന്ത്യക്കാരാണ് ഈയടുത്ത വര്‍ഷങ്ങളില്‍ യുഎസ്, യുകെ, കാനഡ, യൂറോപ്, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജോലിക്കായി പ്രവേശിച്ചത്. കാനഡ, ജര്‍മനി, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി പോകുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അതാത് രാജ്യങ്ങളില്‍ പൗരത്വം നേടുന്നു. ഗോള്‍ഡന്‍ വിസയും വിദേശ പൗരത്വം നേടുന്നതില്‍ ആളുകളെ സഹായിക്കുന്നു.

Read Also: 220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം ചരിത്രപരം; ജോ ബൈഡന്‍

സാധാരണക്കാരല്ലാതെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ അതിസമ്പന്നരുമുണ്ട്. 2014 മുതല്‍ 23,000 ഇന്ത്യന്‍ കോടീശ്വരന്മാര്‍ ഇന്ത്യ വിട്ടതായി 2018 ലെ മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ പ്രകാരം 2019 ല്‍ മാത്രം 7,000 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടത്.

Story Highlights: 1.6 million people gave up Indian citizenship since 2011

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here