പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഹർജിക്കാരന് ഇടക്കാല ജാമ്യം അനുവദിച്ചതായി കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ നിന്നും പവൻ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേട്ടത്. രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിവാദ പ്രസ്താവനയിൽ കോൺഗ്രസ് നേതാവ് ക്ഷമാപണം നടത്തിയെന്നും സംഭവിച്ചത് നാവ് പിഴയാണെന്നും ഖേരയെ പ്രതിനിധീകരിച്ച് സിംഗ്വി സുപ്രീം കോടതിയെ അറിയിച്ചു. കോൺഗ്രസ് നേതാവിനെതിരെ രജിസ്റ്റർ ചെയ്യുന്ന എഫ്‌ഐആറുകൾ ഏകീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതിയിൽ വാദം കേട്ട ശേഷം ഇടക്കാല ജാമ്യം അനുവദിച്ച കോടതി എഫ്‌ഐആറുകൾ ഏകീകരിക്കണമെന്ന ഹർജിയിൽ അസം-യുപി പൊലീസുകൾക്ക് നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പവന്‍ ഖേരയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അസമില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Story Highlights: Supreme Court grants interim bail to Congress leader Pawan Khera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here