പുതിയ ലാർജ് ലാംഗ്വേജ് എഐ മോഡൽ അവതരിപ്പിച്ച് മെറ്റ

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ചർച്ചകളാണ് ഇപ്പോൾ തരംഗം. മനുഷ്യന്റെ ദൈനംദിന ജീവിതം എളുപ്പമാക്കുന്ന ചാറ്റ് ജിപിറ്റി പോലുള്ള ചാറ്റ് ബോട്ടുകൾ ട്രെൻഡിംഗാകുന്നതിനിടെ പുതിയ ലാർജ് ലാംഗ്വേജ് എഐ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ( meta introduces new large language model AI )
‘ ഇന്ന് ഞങ്ങൾ പുതിയ ലാംഗ്വേജ് എഐ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ഗവേഷകരെ ജോലിയിൽ മുന്നേറാൻ സഹായിക്കുന്ന LtLaMA എന്ന എഐക്ക് ടെക്‌സ്റ്റ് ജെനറേറ്റ് ചെയ്യാനും, എഴുതികൊടുക്കുന്ന വാചകങ്ങൾ ചുരുക്കിപറയാനും, കണക്ക് പ്രശ്‌നങ്ങളുടെ കുരുക്ക് അഴിക്കാനും, പ്രൊട്ടീൻ സ്ട്രക്ചറുകൾ ഊഹിക്കാനും മറ്റും സാധിക്കും. ഈ പുതിയ മോഡൽ എഐ റിസർച്ച് കമ്യൂണിറ്റിക്ക് ലഭ്യമാക്കും’- സക്കർബർഗ് കുറിച്ചു.
വലിയ ഡേറ്റാ സെറ്റുകളിൽ നിന്ന് ആർജിച്ചെടുത്ത അറിവ് കൊണ്ട് കാര്യങ്ങൾ ചുരുക്കി പറയാനും, വിവർത്തനം ചെയ്യാനും, ടെക്സ്റ്റുകൾ ജെനറേറ്റ് ചെയ്യാനും മറ്റും സാധിക്കുന്ന ഡീപ് ലേണിംഗ് അൽഗോരിതം ആണ് ലാർജ് ലാംഗ്വേജ് മോഡലുകൾ. മനുഷ്യന്റെ തലച്ചോറിനെ അനുകരിക്കാൻ ശ്രമിക്കുന്ന ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകളാണ് ഡീപ് ലേണിംഗ് ഉപയോഗിക്കുന്നത്. ഈ ന്യൂട്രൽ നെറ്റ്വർക്കിന് മനുഷ്യന്റെ തലച്ചോറിന്റെ കഴിവിനൊപ്പം എത്താൻ സാധിക്കില്ലെങ്കിലും ലഭ്യമായ ഡേറ്റകളിൽ നിന്ന് അറിവ് സമ്പാദിക്കാനും അതിനനുസൃതമായി പ്രവർത്തിക്കാനും സാധിക്കും.
LLM ന്റെ ഏറ്റവും മികച്ച ഉദാഹരണം ഓപ്പൺ എഐ LLC യുടെ ചാറ്റ് ജിപിടി-3 ആണ്. എന്ത് ചോദ്യത്തോടും കൃത്യമായ മറുപടി നൽകുന്ന ചാറ്റ് ജിപിടി വളരെ പെട്ടെന്നാണ് ലോകമനസുകളിൽ ഇടംപിടിച്ചത്.
Story Highlights: meta introduces new large language model AI