അദാനി – ഹിൻഡൻബർഗ് വിഷയത്തിലെ വാർത്തകൾ തടയാൻ കഴിയില്ല: സുപ്രീം കോടതി

അദാനി – ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീം കോടതി. റിപ്പോർട്ട് പാർവതീകരിച്ച് വാർത്തകൾ നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മറ്റ് ഹർജികളിൽ ഉത്തരവ് ഉടനെന്ന് സുപ്രീംകോടതി അറിയിച്ചു. Supreme Court won’t restrict media on Hindenburg Adani report
അഭിഭാഷകനായ മനോഹർ ലാൽ ശർമയാണ് അദാനി – ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഹർജിക്കാരന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി മാധ്യമങ്ങളെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്ന് വ്യക്തമാക്കി. യുക്തിപരമായ വാദം ഉന്നയിക്കാനും ഹർജിക്കാരനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്ന കാര്യം പഠിക്കാനും ഇത് സംബന്ധിച്ച് വിശാലമായ അന്വേഷണം നടത്താനും ഒരു സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമിതിക്കായി മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്നും, സമിതിയെ സുപ്രീംകോടതി നിയോഗിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയതാണ്. ഇതിൽ ഉത്തരവ് ഉടൻ ഉണ്ടാകും എന്നും സുപ്രീംകോടതി അറിയിച്ചു.
Story Highlights: Supreme Court won’t restrict media on Hindenburg Adani report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here