എന്താണ് ഡൽഹി മദ്യ കുംഭകോണം?

ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആക്രമണവും പ്രത്യാക്രമണവുമായി ബിജെപിയും എഎപിയും രംഗത്തുവന്നു കഴിഞ്ഞു. എന്താണ് ഡൽഹി മദ്യ കുംഭകോണം? സിസോദിയയുടെ അറസ്റ്റിലേക്ക് വഴിവച്ച കാര്യങ്ങൾ എന്തൊക്കെ?
രാജ്യതലസ്ഥാനത്ത് കൊവിഡ് ഡെൽറ്റ തരംഗം അതിരൂക്ഷമായ സമയം. ഇതിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പുതിയ എക്‌സൈസ് നയം പാസാക്കുന്നു. എക്സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടിനെക്കുറിച്ച് 2022 ജൂലൈയിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മദ്യനയക്കേസ് പുറത്തുവന്നത്.
Read Also: മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയ അറസ്റ്റിൽ
ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കൾ അനധികൃത ഫണ്ട് സ്വരൂപിക്കുന്നതിനും തങ്ങളിലേക്കുതന്നെ എത്തിക്കുന്നതിനുമാണ് എക്‌സൈസ് നയം (2021-22) സൃഷ്ടിച്ചത് എന്നായിരുന്നു ആരോപണം. തുടർന്ന് ഇഡിയും സിബിഐയും കേസെടുത്തു. ഡൽഹി എക്‌സൈസ് വകുപ്പിന്റെ തലവനാണ് മനീഷ് സിസോദിയ. സ്വാഭാവികമായും അന്വേഷണം അദ്ദേഹത്തിനെതിരെ നീങ്ങി. സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് ചീഫ് സെക്രട്ടറി എൽജിക്ക് കൈമാറിയ റിപ്പോർട്ടിനെ തുടർന്നാണ് ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ജിഎൻസിടിഡി നിയമം 1991, ബിസിനസ് റൂൾസിന്റെ ഇടപാട്-1993, ഡൽഹി എക്സൈസ് നിയമം-2009, ഡൽഹി എക്സൈസ് ചട്ടങ്ങൾ-2010 എന്നിവയുടെ ലംഘനങ്ങൾ കാണിക്കുന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. മനീഷ് സിസോദിയയുടെ വസതിയിലും നാല് പൊതുപ്രവർത്തകരുടെ സ്ഥലങ്ങളിലും ഉൾപ്പെടെ ഡൽഹിയിലെ 21 സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി. എന്നാൽ വരുമാന വർദ്ധന ഉറപ്പാക്കാനും വ്യാജ മദ്യം വിൽക്കുന്നത് ഇല്ലാതാക്കാനും മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനുമാണ് പുതിയ നയം രൂപീകരിച്ചതെന്ന് എഎപി ആവർത്തിച്ചു.
Read Also: ‘ജനാധിപത്യത്തിന്റെ കറുത്ത ദിനം’: മനീഷ് സിസോദിയയുടെ അറസ്റ്റിൽ എഎപി
എന്തുകൊണ്ടാണ് വിവാദമായത്?
പുതിയ നയം അനുസരിച്ച് ദേശീയ തലസ്ഥാനത്തെ ചില്ലറ മദ്യവ്യാപാരത്തിൽ സർക്കാരിന് ബന്ധമില്ല. മാത്രമല്ല 849 മദ്യവിൽപനശാലകൾ പുതുതായി തുറക്കുകയും ചെയ്യും. ഓരോ സോണിനെയും 8-10 വാർഡുകളായി തിരിച്ച് 27 മദ്യവിൽപ്പനശാലകളാണുള്ളത്. ഡൽഹി എക്സൈസ് നയം മാളുകൾ, വാണിജ്യ മേഖലകൾ, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയവയിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മദ്യശാലകൾ തുറക്കാൻ അനുവദിച്ചു.
അനിൽ ബൈജൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറായിരിക്കെ കഴിഞ്ഞ നവംബർ 17നാണ് എക്സൈസ് നയം നടപ്പാക്കിയത്. നയം നടപ്പാക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബൈജൽ നിലപാട് മാറ്റിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. മദ്യശാലകൾ തുറക്കാനുള്ള നിർദ്ദേശത്തെ എൽ-ജി എതിർത്തിരുന്നില്ലെന്നും പിന്നീട് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്നും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങാൻ നിബന്ധന വച്ചതായും സിസോദിയ ആരോപിച്ചു.
Story Highlights: What’s Delhi Liquor Scam?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here