Advertisement

ലേറ്റായി വന്നാലും ലേറ്റസ്റ്റായി മാറിയ ത്രിപുരയുടെ ‘രാജമാണിക്യം’

March 2, 2023
Google News 3 minutes Read
Pradyot Bikram Manikya Deb Barma the king and star of tripura tribals

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറെ തിളങ്ങി നിന്ന പേരാണ് തിപ്ര മോത തലവന്‍ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മയുടേത്. സംസ്ഥാനത്തെ ഗോത്രരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പില്‍ ഇത്രയധികം പ്രതിഫലിപ്പിക്കുകയും ഒറ്റയ്ക്ക് പോരാടി ഗോത്രസീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്ത ദേബ് ബര്‍മയുടെ രാഷ്ട്രീയത്തിനും കുടുംബ ജീവിതത്തിനും കൗതുകങ്ങളേറെയുണ്ട്.(Pradyot Bikram Manikya Deb Barma the king and star of tripura tribals)

1978 ജൂലൈ നാലിനാണ് കിരിത് പ്രദ്യോത് മാണിക്യ ദേബ് ബര്‍മാന്‍ ബഹദൂര്‍ എന്ന ദേബ് ബര്‍മ ജനിക്കുന്നത്.
ത്രിപുരയിലെ ആദ്യകാലത്തെ മാണിക്യ രാജവംശ പരമ്പരയുടെ പിന്‍തലമുറക്കാരനാണ് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മ. രാജകുടുംബമാണെങ്കിലും ദേബ് ബര്‍മയുടെയുടെയും മാതാപിതാക്കളുടെയും രാഷ്ട്രീയം തന്നെ ഉടലെടുക്കുന്നത് സ്വന്തം കുടുംബത്തില്‍ നിന്നായിരുന്നു.

ദേബ് ബര്‍മയുടെ മാതാപിതാക്കള്‍ രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവരായിരുന്നു. പിതാവ് കിരിത് ബിക്രം കിഷോര്‍ ദേബ ബര്‍മ ത്രിപുരയുടെ അവസാന രാജാവായിരുന്നു. അമ്മ ബിഭു കുമാരി ദേവി പില്‍ക്കാലത്ത് ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന ഗോത്രജനതയെ തനിക്കൊപ്പം നിര്‍ത്തുന്ന ദേബ ബര്‍മ ത്രിപുരയിലെ ഗോത്ര ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ രാജാവ് തന്നെയാണിപ്പോള്‍. കറുത്ത കണ്ണടയും കറുത്ത കുര്‍ത്തയും ചുവന്ന ഷാളും ധരിച്ച് ചെറുപ്പത്തിന്റെ സൗന്ദര്യവും ചുറുചുറുക്കും കൈമുതലാക്കി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മ നടന്നുവരുമ്പോള്‍ അതിലുമൊരു അഴകുണ്ട്.

തന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും ത്രിപുരയ്ക്ക് പുറത്തായിരുന്നതുകൊണ്ട് തന്നെ ദേബ് ബര്‍മ തെരഞ്ഞെടുപ്പിലടക്കം ആളുകളുമായി ഇടപെടുന്നത് ഹിന്ദിയിലാണ്. എന്നാല്‍, ത്രിപുരയിലെ ഗോത്രസമൂഹത്തിന്റെ തനത് ഭാഷയാകട്ടെ, കോക്്ബോറോകും. സംസ്ഥാനത്ത് ബംഗാളിയും കോക്ബോറോക്കുമാണ് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന രണ്ട് ഭാഷകള്‍. പക്ഷേ ഇത് രണ്ടും ആയുധമാക്കാതെ ദേബ് ബര്‍മയുടെ ജനസ്വാധീനവും.

‘തിപ്രയുടെ ചെയര്‍മാന്‍, ത്രിപുരയുടെ പഴയ രാജാവ്,. കായികതാരം, സംഗീതജ്ഞന്‍, മിമിക്രിക്കാരന്‍, മജീഷ്യന്‍, കലാകാരന്‍, മൃഗസ്നേഹി, ബിസിനസുകാരന്‍, അങ്ങനെ ദേബ് ബര്‍മയുടെ ട്വിറ്റര്‍ ബയോ പോലും ഏറെ വിശേഷണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. മാണിക്യ രാജവംശത്തിലെ ഭരണാധികാരികളുടെ വേനല്‍ക്കാല വസതിയായിരുന്ന ദി ഹെറിറ്റേജ് ക്ലബ് ത്രിപുര കാസില്‍ എന്ന ഹോട്ടല്‍ പ്രദ്യോതിന്റെ ഉടമസ്ഥതയിലാണ്. ത്രിപുരയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെയും ദേബ് ബര്‍മ ശക്തമായി പ്രതിഷേധിച്ചിരുന്നു.

2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബര്‍മയെ നിയമിച്ചെങ്കിലും അഴിമതിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ദേബ് ബര്‍മ രാജിവയ്ക്കുകയുണ്ടായി. പാര്‍ട്ടിയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയും നോര്‍ത്ത് ഈസ്റ്റ് ഇന്‍ചാര്‍ജുമായിരുന്ന ലൂയിസിഞ്ഞോ ഫലീറോയുമായുള്ള അഭിപ്രായവ്യത്യാസം പാര്‍ട്ടി വിടുന്നതിനുള്ള പ്രധാന കാരണമായിരുന്നു. പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബര്‍മ പിറവികൊടുത്തത്.

2019ലാണ് കോണ്‍ഗ്രസ് വിട്ട പ്രദ്യോത് ബര്‍മ സംസ്ഥാനത്തെ ആദിവാസി ജനതയുടെ ക്ഷേമത്തിനായി തിപ്രഹ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് എന്ന പേരില്‍ തിപ്രയെന് സാമൂഹിക സംഘടന രൂപീകരിച്ചത്. 2021ല്‍ ഫെബ്രുവരിയില്‍ ഇത് ഒരു പാര്‍ട്ടിയാക്കി മാറ്റി. ഒപ്പം ഗോത്രവര്‍ഗ്ഗക്കാരെ പ്രതിനിധീകരിക്കുന്ന മറ്റ് മൂന്ന് സംഘടനകള്‍ കൂടി ടിപ്രയില്‍ ലയിച്ചു. പുതിയ പാര്‍ട്ടിയെ ആകര്‍ഷിക്കാന്‍ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചെങ്കിലും ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന ആവശ്യം പരിഗണിക്കണമെന്നതായിരുന്നു തിപ്ര മോതയുടെ മുഖ്യ ആവശ്യം. ‘ഗ്രേറ്റര്‍ ടിപ്രലാന്‍ഡ്’ ആശയത്തില്‍ അസം, മിസോറം, ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലയോരങ്ങളില്‍ താമസിക്കുന്ന ത്രിപുര സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെന്നും അതേവര്‍ഷത്തെ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേബ് ബര്‍മ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഐഎന്‍പിടി , ടിഎസ്പി , ഐപിഎഫ്ടി എന്നിവ 2021ല്‍ തിപ്ര പാര്‍ട്ടിയില്‍ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎന്‍പിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വര്‍ഷത്തെ ഇടതുപക്ഷ ഭരണം കൗണ്‍സിലില്‍ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമില്ലാതെ കൗണ്‍സിലില്‍ അധികാരം നിലനിര്‍ത്തിയ ഏക പ്രാദേശിക പാര്‍ട്ടിയായി തിപ്ര മാറി.

ഇത്തവണത്തെ ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമോ എന്ന ചോദ്യങ്ങള്‍ക്കിടയിലും വേറിട്ടുനിന്നത് തിപ്ര മോത പാര്‍ട്ടിയുടെ തലവന്‍ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മ തന്നെയാണ്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമാണ് ടിഎംപി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള പ്രചാരണമാണ് പ്രദ്യോത് ബിക്രം മാണിക്യ മുന്നോട്ടുവച്ചത്.

ഇത്തവണ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ രസകരമാക്കാനും തിപ്രയുടെ വരവ് സഹായിച്ചു. സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ തിപ്ര മോതയ്ക്ക് വലിയ ജനപ്രീതിയാണുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ആദിവാസികളാണെന്നത് തന്നെ തിപ്ര മോതയ്ക്കുള്ള പിന്തുണയ്ക്ക് കരുത്ത് കൂട്ടി. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളില്‍ 20 സീറ്റുകളിലും ആദിവാസികളുടെ സ്വാധീനമുണ്ട്.
പാര്‍ട്ടി അധ്യക്ഷന്‍ ദേബ് ബര്‍മ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല.നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാന്‍ സുതാര്യതയില്‍ വിശ്വസിക്കുന്ന ഒരു ചെറിയ പാര്‍ട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ദേബ് ബര്‍മ പറഞ്ഞത്.

Story Highlights: Pradyot Bikram Manikya Deb Barma the king and star of tripura tribals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here