ബിബിസിക്ക് എതിരെ ശക്തമായ നടപടി; പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ബിബിസിക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ഡോക്യുമെന്ററി മോദിക്കെതിരെ മാത്രമല്ല, രാജ്യത്തെ 135 കോടി പൗരന്മാർക്കെതിരെയുള്ളതാണെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെയ്ക്കുകയും അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദി എന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. Gujarat passes resolution against BBC
2002 ലെ സംഭവങ്ങളെ ദുരുദ്ദേശത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള താഴ്ന്ന തലത്തിലുള്ള ശ്രമമാണിതെന്നും പ്രമേയം അവതരിപ്പിച്ച് ബിജെപി നിയമസഭാംഗം വിപുൽ പട്ടേൽ വാദിച്ചു. ഡോക്യുമെന്ററിയിലൂടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയും ജനപ്രീതിയും തകർക്കാൻ ശ്രമിച്ചതിന് മാധ്യമ സ്ഥാപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും പ്രമേയം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളെ സഭാനടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടെ ഭരണകക്ഷി അംഗങ്ങൾ ഏകകണ്ഠമായി പ്രമേയം പാസാക്കി.
Read Also: ബിബിസിക്ക് ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി വിവാദമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെയാണ് കലാപം അരങ്ങേറുന്നത്. അടുത്ത വർഷം ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് ഈ ഡോക്യുമെന്ററി കാരണമാകും എന്നതിനാലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. എന്നാൽ, ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയ ഗുജറാത്ത് കലാപം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യൻ സർക്കാരിനോട് പ്രതികരണം തേടിയിരുന്നു എന്ന് വിവാദത്തിൽ ബിബിസി വ്യക്തമാക്കി. എന്നാൽ, സർക്കാരിൽ നിന്ന് യാതൊരുവിധ പ്രതികരണങ്ങളും ലഭിച്ചില്ല എന്നും അവർ സൂചിപ്പിച്ചു.
Story Highlights: Gujarat passes resolution against BBC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here