ഹോളി ആഘോഷത്തിനിടെ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; 3 പേർ അറസ്റ്റിൽ
ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന് അപമാനമായ സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ പിടികൂടിയതായും പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. ദേശീയ തലസ്ഥാനത്തെ പഹാർഗഞ്ചിലാണ് ജാപ്പനീസ് വിനോദസഞ്ചാരിയായ യുവതി താമസിച്ചിരുന്നത്. സംഭവശേഷം ഇവർ ബംഗ്ലാദേശിലേക്ക് പോയി. യുവതിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ജാപ്പനീസ് എംബസിക്ക് കത്ത് നൽകിയെന്നും പൊലീസ് അറിയിച്ചു.
കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി വീഡിയോ വിശകലനം ചെയ്യുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു. വിദേശിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടില്ല. പെൺകുട്ടിയെക്കുറിച്ചും സംഭവത്തെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിന് ജാപ്പനീസ് എംബസിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി.
അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ജാപ്പനീസ് എംബസി പിടിഐയോട് പറഞ്ഞു. നേരത്തെ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിനോട് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
Story Highlights: Japanese woman harassed on Holi has left India, 3 held for molesting her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here