Advertisement

മധുവധക്കേസിൽ വിധി പ്രസ്താവനം ഈ മാസം; വലിയ പ്രതീക്ഷയുണ്ടെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

March 11, 2023
Google News 2 minutes Read
Special public prosecutor have hope in madhu case

2018 ഫെബ്രുവരി 22ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റേത്. അഞ്ച് വർഷത്തിനിപ്പുറം മണ്ണാർക്കാട് എസ്സി എസ്ടി കോടതിയിൽ കേസിന്റെ വാദം പൂർത്തിയായി. ഈ മാസം അവസാനം മണ്ണാർക്കാട് എസ്സി എസ്ടി കോടതി കേസിൽ വിധി പറഞ്ഞേക്കും. കേസിൽ പ്രോസിക്യൂഷന് വലിയ പ്രതീക്ഷയുണ്ടെന്ന് സ്‌പെഷ്യൽ പ്രോക്സിക്യൂട്ടർ രാജേഷ് എം മേനോൻ ട്വന്റി ഫോറിനോട് പറഞ്ഞു. തെളിവുകളും സാക്ഷി മൊഴികളും കൃത്യമായി കോടതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, മധുവിന്റെ കുടുംബം വലിയ പ്രതീക്ഷയിലെന്നും രാജേഷ് എം മേനോൻ പറഞ്ഞു. Special public prosecutor have hope in madhu case

രണ്ടാഴ്ചയിൽ ഇരുഭാഗത്തിന്റെയും വാദവും നടപടികളും പൂർത്തിയായിട്ടുണ്ട്. ഈ മാസം പതിനെട്ടാം തിയതി കേസിന്റെ വിധി പ്രസ്താവനക്കായി കോടതി ചേരാനുണ്ട്. എന്നാൽ, ചുരുങ്ങിയ കാലയളവിൽ വിധി എഴുതി പൂർത്തിയാക്കുക ദുഷ്കരമാണെന്ന് കോടതി പറഞ്ഞത് കൂടി കണക്കിലെടുമ്പോൾ പതിനെട്ടിന് വിധി ഉണ്ടായില്ലേൽ ഈ മാസം അവസാനമായിരിക്കും വിധി എന്നാണ് പ്രതീക്ഷ എന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. പ്രോക്സിക്യൂഷന് ഈ കേസിൽ ശുഭാപ്തി വിശ്വാസമുണ്ട്. കേസിനു അനുകൂലമായ പല ഘടകങ്ങളും വീഴ്ചയില്ലാതെ കൂട്ടിച്ചേർക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അത് കേസിന്റെ വളർച്ചക്ക് സഹായകമായിട്ടുണ്ട് എന്നും ആത്മവിശ്വാസത്തോടെ രാജേഷ് കൂട്ടിച്ചേർത്തു.

ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിൽ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മധുവിനെ തല്ലി കൊന്നത്. അഞ്ചു വർഷം കഴിഞ്ഞിട്ടും നീതി തേടി അലയുകയാണ് ഈ ആദിവാസി കുടുംബം. വിചാരണ തുടങ്ങാൻ തന്നെ വർഷങ്ങളെടുത്ത കേസിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും നടന്നു.

Read Also: അനീതിയുടെ അഞ്ച് വർഷം: മധുവിന്റെ കൊലപാതകം പാഠമായില്ല

കേസിൽ നിരവധി സാക്ഷികൾ കൂറുമാറി. മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 127 സാക്ഷികളിൽ 24 പേർ കൂറുമാറി. ഒപ്പം കുടുംബത്തിന് നേരെ നിരന്തര ഭീഷണികൾ. എന്നാൽ മകൻ്റെ കൊലയാളികളെ നിയമം കൊണ്ട് നേരിടുമെന്ന് അമ്മ മല്ലിയും സഹോദരി സരസുവും പറയുന്നു. മധു മരിച്ചതിന്റെ അഞ്ചാം വർഷത്തിൽ കേസിൽ കോടതി അന്തിമ വാദത്തിലേക്ക് കടക്കുകയാണ്. അവസാന ഘട്ടത്തിലെ വൈകിയ വേളയിലും കോടതിയിൽ വിശ്വാസം അർപ്പിക്കുകയാണ് മധുവിന്റെ കുടുംബം.

Story Highlights: Special public prosecutor have hope in madhu case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here