Advertisement

നഗരത്തിൻ്റെ നടുക്ക് ആറ്റം ബോംബ് സ്ഥാപിച്ചതുപോലെ; വീഴ്ച ഉണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ല: രൺജി പണിക്കർ

March 12, 2023
Google News 2 minutes Read
Renji Panicker brahmapuram plant

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിൽ സംഭവിക്കുന്നത് നിശബ്ദമായ വിസ്ഫോടനമാണെന്ന് സംവിധായകനും അഭിനേതാവുമായ രൺജി പണിക്കർ. ഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ തർക്കമൊന്നുമില്ല. ഗുരുതരമായ വിഷപ്പുക ശ്വസിച്ചുകൊണ്ട് ഇതിനെ പ്രതിരോധിക്കാൻ ചിലയാളുകൾ അവിടെ നിന്ന് ഫൈറ്റ് ചെയ്യുകയാണെന്നും അദ്ദേഹം ട്വൻ്റിഫോറിനോട് പ്രതികരിച്ചു. (Renji Panicker brahmapuram plant)

“തീർച്ചയായിട്ടും ഗുരുതരമായി മാറിക്കഴിഞ്ഞു. ആദ്യ ദിവസം മുതൽ ഇത് ഏറ്റവും ഗുരുതരമായ നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഏറ്റവും വലിയ ഒരു ആ നിശബ്ദമായ വിസ്ഫോടനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ ഒരു പൗരൻ എന്ന നിലയ്ക്കാണ് പ്രതികരിക്കുന്നത്. ഈ വിഷപ്പുക വലിച്ചു കേറ്റുന്ന എല്ലാവർക്കും ഉള്ള ഒരു ധാരണയില്ലേ അതുപോരെ അതിനോട് പ്രതികരിക്കാൻ? ശാസ്ത്രീയമായ വശങ്ങളൊക്കെ നമുക്ക് സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന നിലയ്ക്ക് മനസ്സിലാക്കിയിട്ടുള്ള ഒരാളാണ്. അതിനപ്പുറം ഇത് ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നത്. ഇത് സംഭവിക്കും എന്ന് മനസ്സിലാക്കാൻ പോകുന്ന ജാഗ്രത എന്തുകൊണ്ട് നമുക്ക് ഇല്ലാതെ പോയി? നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് ഇല്ലാതെ പോയി എന്ന ഗുരുതരമായ തെറ്റിനെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.”

“ഏത് നിലയ്ക്കാണ് ഇപ്പൊ കൈകാര്യം ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ഒരു ബോധം ഇല്ല എന്ന് വേണം മനസ്സിലാക്കാൻ. കാരണം രണ്ട് ദിവസം മുമ്പ് ഇവിടെ വന്ന് ഈ പ്രദേശം സന്ദർശിക്കുകയും ഒക്കെ ചെയ്യുന്ന സംസ്ഥാന ഭരണത്തിനെ പ്രതിനിധീകരിക്കുന്ന ആളുകൾ പോലും പറഞ്ഞത് ആശങ്ക വേണ്ട എന്നാണ്. അപ്പോ അതൊക്കെ എന്തൊരു തമാശയാണ്. ഇത്രയും ആളുകൾ ഈ വിഷപ്പുക ശ്വസിച്ചു കൊണ്ടിരിക്കുന്നു. അതിന് പരിഹാരം ഉണ്ടായിട്ടില്ല. തീ അണയ്ക്കുന്നതിനെക്കുറിച്ച്, നമ്മള് കാണുന്നത് കുറച്ച് മനുഷ്യർ അവിടെ നിന്ന് ഈ ഗുരുതരമായ വിഷപ്പുകൾ ശ്വസിച്ചുകൊണ്ട് ഇതിനെ ഫൈറ്റ് ചെയ്യുന്നു എന്നതല്ലാണ്ട് അത് മനുഷ്യസാധ്യമായ കാര്യങ്ങൾ ചെയ്യുന്നു എന്നതിനപ്പുറം വേറെ എന്താ സംഭവിക്കുന്നത്?”

Read Also: ബ്രഹ്‌മപുരത്തെ പുക; കൊച്ചിയിൽ മാസ്ക് നിർബന്ധം; ആരോഗ്യമന്ത്രി

“വളരെ കൃത്യമായി ഇത്തരം കാര്യങ്ങളിൽ അവഗാഹമുള്ള ഒരു സമിതിയോ ഒരു ജുഡീഷ്യൽ ബോഡിയോ അല്ലെങ്കിൽ ഒരു കമ്മീഷനോ ഇത് അന്വേഷിക്കുകയും അതിന് ഇതിൻ്റെ പ്രത്യാഘാതങ്ങൾ എന്താണ്? അവിടെ ഈ വിഷപ്പുക ശ്വസിച്ച ആളുകളിൽ ഭാവിയിൽ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ എന്താണ്? അതിനെ ഏത് നിലയ്ക്കാണ് പ്രതിരോധിക്കാൻ കഴിയുക? സംഭവിച്ചു പോയ ദുരന്തത്തിന് ഏതെങ്കിലും അർത്ഥത്തിൽ പരിഹാരം കണ്ടെത്താൻ കഴിയുമോ? ആളുകൾക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളെ നാളെ എങ്ങനെയാണ് നേരിടേണ്ടത്? ഇതിൻ്റെ അകത്ത് അഴിമതി ഉണ്ടായിട്ടുണ്ടോ? വീഴ്ച ഉണ്ടായിട്ടുണ്ടോ? വീഴ്ച ഉണ്ടായിട്ടുണ്ട് എന്നുള്ള കാര്യത്തിൽ തർക്കമൊന്നുമില്ല. ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംവിധാനങ്ങൾ അത് തീർച്ചയായും പഠിക്കുകയും അത് വിലയിരുത്തുകയും, കുറ്റവാളികളെ കണ്ടെത്തുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.”

“രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ ആളുകൾ എവിടെ? രണ്ട് ദിവസം കൊണ്ട് ഇത് പരിഹരിക്കുമെന്ന് പറഞ്ഞ് ആളുകളോട് നിങ്ങൾ ചോദിച്ചോ? പത്ത് ദിവസമായിട്ട് എന്തുകൊണ്ടാണ് നിങ്ങൾ പരിഹരിക്കാത്തതെന്ന്? അതിന് കൃത്യമായ ഒരു ഉത്തരം ജനങ്ങളോട് പറയാൻ ഇവർക്കാർക്കെങ്കിലും കഴിഞ്ഞോ? ഗുരുതരമായ ക്രൈമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റകത്ത് യാതൊരു തർക്കവുമില്ല. അതിനൊരു ലേമാൻസ് ഇൻഫർമേഷൻ മതി. ഈ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇത്രയധികം ഒന്ന് ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാൽ പത്ത് ദിവസത്തേക്ക് കത്താൻ പാകത്തിൽ, അല്ലെങ്കിൽ ഇനി വരുന്ന ദിവസങ്ങളിൽ ഇത് കത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഇത്രയധികം മാലിന്യം സംഭരിച്ചു വെച്ചു എന്ന് പറയുന്നത്, ഈ നഗരത്തിന്റെ നടുക്ക് ഒരു ആറ്റം ബോംബ് സ്ഥാപിച്ചിട്ട് അതിനൊരു ടൈമർ ഫിക്സ് ചെയ്തു എന്ന് പറയുന്നത് പോലെയാണ്. ഇത് മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും ദിവസങ്ങളിൽ. എന്നിട്ട് രണ്ടു ദിവസം കൊണ്ട് പരിഹരിക്കും. ജില്ലാ ഭരണകൂടം ഈ ദുരന്തനിവാരണത്തിൻറെ നേതൃത്വപരമായ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജില്ലാ ഭരണകൂടത്തിൻറെ തലവനെ മാറ്റുന്നത്. അപ്പോ അതുവരെ ചെയ്ത കാര്യങ്ങൾ ഫലപ്രദമായില്ല എന്ന് സാധാരണ ജനങ്ങൾ വിചാരിച്ചു കൂടെ? അപ്പോ ഇതിനൊക്കെ ആരാണ് ഉത്തരം പറയുന്നത്? ഇത് കൃത്യമായിട്ട് ഈ സ്ഥിതിവിശേഷം എന്താണ് എന്ന് ജനങ്ങളോട് ഏറ്റു പറയാൻ, സംഭവിച്ചു പോയ പിഴവ് എന്താണ് എന്ന് ജനങ്ങളോട് ഏറ്റു പറയാൻ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? വെറുതെ ആശങ്ക വേണ്ട. രണ്ട് ദിവസം കൊണ്ട് കെടുത്തും. മൂന്ന് ദിവസം കൊണ്ട് കെടുത്തും. ഈ പുക കുഴപ്പമില്ല ഇത് ചന്ദനത്തിരി കത്തിച്ച് വെക്കുന്ന പോലെ കണക്കാക്കിയാൽ മതി. എന്നൊക്കെ പറയുന്ന കോമാളിത്തരങ്ങൾ അരങ്ങേറുന്ന നിലനിൽക്കാൻ ഞാൻ എന്താണ്?”

“വൈറ്റില പോലെയുള്ള മേഖലകളിൽ ഈ അല്ലാതെ തന്നെ വായു മലിനീകരണം അതിൻറെ ഏറ്റവും മോശം അവസ്ഥയിലെത്തിക്കഴിഞ്ഞു. കൊച്ചിയുടെ പൊല്യൂഷൻ ഇൻഡക്സ് വളരെ കൃത്യമായ ജാഗ്രതയോടുകൂടി പഠിക്കുകയും ദൈനംദിനം അതിനെ സംബന്ധിച്ചുള്ള അപ്ഡേഷൻസ് സംഭവിക്കുകയും ഒക്കെ വേണം. കൊച്ചിയുടെ ചുറ്റുപാടുമായിട്ടുള്ളത് ഇവിടെ അമോണിയ പ്ലാൻ്റ് ഉണ്ട്. കാപ്രോലാക്ടം പ്ലാൻ്റ് ഉണ്ട്, റിഫൈനറി ഉണ്ട്. എഫ്എസിടി പോലെയുള്ള പൊല്യൂഷൻ സാധ്യതകളുള്ള ഒരുപാട് വ്യവസായ സ്ഥാപനങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട് ഈ പ്രദേശത്തിന്റെ ചുറ്റുപാടുമായി. ഈ അമോണിയം പ്ലാൻ്റിലൊക്കെ ഇടക്കാലത്ത് ചെറിയ ചെറിയ ആ സൂചനകൾ നമ്മൾ കണ്ടിട്ടുള്ളവരല്ലേ? അമോണിയം കൊണ്ടുപോയ ബാർജിന് തീപിടിച്ച സംഭവം ഉണ്ടായിട്ടില്ലേ. അപ്പൊ എപ്പോൾ വേണമെങ്കിൽ അപകടം സംഭവിക്കാവുന്ന ഒരു ഗുരുതരാവസ്ഥയുടെ നടുക്ക് തന്നെയാണ് നമ്മൾ ജീവിക്കുന്നത്. പൊല്യൂഷൻ ഇൻഡക്സ് മറ്റൊന്ന്. അതിനെ സംബന്ധിച്ച് എന്തുകൊണ്ട് ജാഗ്രതയോടു കൂടി, ഇത് ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പൊല്യൂഷൻ എങ്ങനെ ഒഴിവാക്കും എന്നുള്ളത് ചോദിച്ചാൽ അല്ലെങ്കിൽ എങ്ങനെ കുറയ്ക്കും എന്നുള്ളതൊക്കെ ചോദിച്ചു കഴിഞ്ഞാൽ അതിനൊക്കെ ആധികാരികമായ ഉത്തരം പറയേണ്ട ആളുകൾ ഏജൻസികൾ ഒക്കെ വേറെയാണ്.”- രൺജി പണിക്കർ പ്രതികരിച്ചു.

Story Highlights: Renji Panicker brahmapuram plant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here