ശ്രേയാസ് അയ്യരിനു പുറം വേദന; ബാറ്റ് ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ശ്രേയാസ് അയ്യർ ബാറ്റ് ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്. മത്സരത്തിനിടെ പുറം വേദന അനുഭവപ്പെട്ട ശ്രേയാസിനെ സ്കാനിംഗിനു വിധേയനാക്കി. താരം ഇതുവരെ ബാറ്റിംഗിനിറങ്ങിയില്ല. അഞ്ചാം നമ്പറിൽ ജഡേജയും ആറാം നമ്പരിൽ കെഎസ് ഭരതുമാണ് കളിച്ചത്.
പുറം വേദന കാരണം പുറത്തായിരുന്ന ശ്രേയാസ് ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. രണ്ടാം മത്സരം മുതൽ ടീമിലുണ്ടെങ്കിലും മികച്ച പ്രകടനങ്ങൾ നടത്താൻ താരത്തിനു സാധിച്ചതുമില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ വീണ്ടും പുറം വേദന അലട്ടുന്നത്.
നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 480 റൺസിന് ഓളൗട്ടായി. ഉസ്‌മാൻ ഖവാജയാണ് (180) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. കാമറൂൺ ഗ്രീനും (114) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ തിരിച്ചടിക്കുകയാണ്. 4 വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മൻ ഗിൽ (128) സെഞ്ചുറി നേടി പുറത്തായപ്പോൾ വിരാട് കോലി (73) ക്രീസിൽ തുടരുകയാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 145 റൺസ് പിന്നിലാണ് ഇന്ത്യ. ഒരു ബാറ്റർ കുറവായതിനാൽ ഇന്ത്യ ശ്രദ്ധയോടെ ബാറ്റ് ചെയ്യാനാവും ശ്രമിക്കുക.
Story Highlights: shreyas iyer back injury test update