സ്വപ്നയെ കാണാൻ പോയപ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ല; ആരോപണം നിഷേധിച്ച് വിജേഷ് പിള്ള
സ്വപ്ന സുരേക്ഷിനെ കാണാൻ എത്തിയപ്പോൾ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്ന് വിജേഷ് പിള്ള. ഒപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന ആരോപണമാണ് വിജേഷ് തള്ളിയത്. സ്വപ്ന പറഞ്ഞ അജ്ഞാതൻ ആരാണെന്ന് അറിയില്ല. ഹോട്ടൽ രേഖകൾ പരിശോധിച്ചാൽ സത്യം മനസിലാകും. കർണാടക പൊലീസ് തന്നെ ബന്ധപ്പെട്ടില്ലെന്നും വിജേഷ് 24 നോട് പറഞ്ഞു. ( Vijesh Pillai denies Swapna Suresh’s allegations ).
ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കൂട്ടാളി ആരാണെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നു എന്നും വിജേഷ് പ്രതികരിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മൊഴി രേഖപ്പെടുത്തിയതായും, വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവു ശേഖരിച്ചതായും സ്വപ്ന പറഞ്ഞിരുന്നു. ആരായിരിക്കും പിന്നണിയിലുള്ള അജ്ഞാതൻ എന്ന ചോദ്യത്തോടെയാണു സ്വപ്നയുടെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
Read Also: സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്; കെ സുരേന്ദ്രൻ
വിജയ് പിള്ള എന്നയാൾ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി വാഗ്ദാനം ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വപ്ന സുരേഷിൻ്റെ ആരോപണത്തിനെതിരെ എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി അതിന് തയ്യാറാവാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണ്ടാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
മുഖ്യമന്ത്രി കേരളത്തിൻ്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം കൊടുക്കാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്.
ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും. സ്വപ്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം. എംവി ഗോവിന്ദന് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: Vijesh Pillai denies Swapna Suresh’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here