‘എൻ്റെ രാജ്യം അമേരിക്കയേക്കാൾ സുരക്ഷിതം’; വിമർശനങ്ങൾക്കിടെ മെക്സിക്കൻ പ്രസിഡന്റ്

അമേരിക്കയേക്കാൾ സുരക്ഷിതം തന്റെ രാജ്യമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. മെക്സിക്കോയിലെ സുരക്ഷയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടെയാണ് ആന്ദ്രേസ് മാനുവലിൻ്റെ പ്രതികരണം. അടുത്തിടെ വടക്കൻ മെക്സിക്കൻ നഗരമായ മാറ്റമോറോസിൽ നിന്ന് നാല് അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടു പോവുകയും അതിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മെക്സിക്കോയിലേക്കുള്ള യുഎസ് യാത്രാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെക്സിക്കോ അമേരിക്കയേക്കാൾ സുരക്ഷിതമാണ്. മെക്സിക്കോയ്ക്ക് ചുറ്റും ഒരു പ്രശ്നവുമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നും പ്രസിഡന്റ് പറഞ്ഞു. അമേരിക്കൻ വിനോദസഞ്ചാരികൾക്കും യുഎസിൽ താമസിക്കുന്ന മെക്സിക്കക്കാർക്കും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് നല്ല അറിവുണ്ടെന്ന് മെക്സിക്കോയിൽ താമസിക്കുന്ന അമേരിക്കക്കാരുടെ സമീപകാല വർധനയെ ഉദ്ധരിച്ച് ലോപ്പസ് ഒബ്രഡോർ വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്ന യുഎസ് രാഷ്ട്രീയക്കാരുടെ “മെക്സിക്കോ വിരുദ്ധ” കാമ്പെയ്‌നിന്റെ ഭാഗമാണ് ഇത്തരം വിമർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 3 നാണ് മാറ്റമോറോസിൽ നിന്ന് നാല് അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോയി രണ്ടു പേരെ കൊലപ്പെടുത്തിയത്. രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മയക്കുമരുന്ന് മാഫിയ അംഗങ്ങളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights: ‘Mexico is safer than the US’- Mexican president