‘കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു’; ആരോപണവുമായി കെകെ ശൈലജ ടീച്ചർ

കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവുമായി കെകെ ശൈലജ ടീച്ചർ. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് മുൻ ആരോഗ്യമന്ത്രിയുടെ ആരോപണം. സഭയിൽ അനാവശ്യമായ ബഹളങ്ങളുന്നയിച്ചും എറ്റവും അവസാനം സ്പീക്കറെ ഉൾപ്പെടെ അധിക്ഷേപിച്ചും വാച്ച് & വാർഡിനെ കൈയ്യേറ്റം ചെയ്തും തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടർന്നുവരുന്നത് എന്ന് ശൈലജ ടീച്ചർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (kk shailaja criticizes congress)
Read Also: നിയമസഭയിലെ പ്രതിഷേധം; യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ
ശൈലജ ടീച്ചറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
സഭയിൽ അനാവശ്യമായ ബഹളങ്ങളുന്നയിച്ചും എറ്റവും അവസാനം സ്പീക്കറെ ഉൾപ്പെടെ അധിക്ഷേപിച്ചും വാച്ച് & വാർഡിനെ കൈയ്യേറ്റം ചെയ്തും തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടർന്നുവരുന്നത്. സഭ ഗൗരവകരമായി ചർച്ച ചെയ്യേണ്ട സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചും, ഗിമ്മിക്കുകളിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചും കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുകയാണ്.
രാഷ്ട്രീയ വിരോധം മുൻനിർത്തി അനിതര സാധാരണമായ അവഗണനയാണ് കേന്ദ്ര സർക്കാർ കേരളത്തോട് തുടർന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ടുന്ന ജിഎസ്ടി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ന്യായമായ അവകാശങ്ങൾ പോലും കൃത്യമായി അനുവദിക്കാത്ത കേന്ദ്രം വിവിധ രീതികളിൽ സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നും പണം തിരിച്ച് ചോദിക്കുകയും ചെയ്യുന്നത് മലയാളികളോടാകെയുള്ള വഞ്ചനയാണ്.
ഈ രാഷ്ട്രീയ പകപോക്കലിനെ തുറന്നുകാണിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്ന് മാത്രമല്ല ഇത്തരം വിഷയങ്ങൾ സജീവ ചർച്ചയാവേണ്ടുന്ന വേളയിൽ സഭയ്ക്ക് അകത്തും പുറത്തും അനാവശ്യ ബഹളങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ടു ഇന്ന് നടന്ന കയ്യാങ്കളിയിൽ യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ രംഗത്തുവന്നു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വാച്ച് ആൻഡ് വാർഡിനെതിരെ നടന്ന ആക്രമണം ഗൗരവതരമാണ്. നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധം കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷൻ പരാതി നൽകി. അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പടെ 7 വാച്ച് ആൻഡ് വാർഡുമാർ ഇന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Story Highlights: kk shailaja criticizes congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here