ഓപ്പറേഷൻ അരികൊമ്പൻ; സ്റ്റേ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ നാട്ടുകാർ

ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടാൽ പോരെന്നും, മയക്കുവെടിവച്ച് തന്നെ മാറ്റണമെന്നുമാണ് 301 കോളനിവാസികളുടെ ആവശ്യം.
ഇന്നലെ രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്.
ഉത്തരവിന് പിന്നലെ കടുത്ത പ്രതിഷേധം ഉയരാൻ തുടങ്ങി. മനുഷ്യത്വരഹിതമായ നടപടിയാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സ്റ്റേ നിരാശാജനകമെന്ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി പ്രതികരിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. വിഷയത്തിൽ കോടതി അനുകൂല തീരുമാനമെടുക്കണമെന്നും, കുങ്കിയാനകളെ മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Operation Arikomban; Locals to protest against HC stay