രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം

രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം. കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി ഇന്ന് പത്തുമണിക്ക് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. തുടർന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാഷ്ട്രപതിയെ കാണാനും കോൺഗ്രസ് സമയം തേടിയിട്ടുണ്ട്. (rahul gandhi congress protest)
നാളെ രാജ്യവ്യാപക പ്രതിഷേധ നടത്താനാണ് തീരുമാനം. രാഹുൽഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചാൽ നിയമപരമായി നേരിടാനായി പ്രത്യേക സംഘത്തെ കോൺഗ്രസ് നിയോഗിച്ചു. സൂറത്ത് കോടതി വിധിയ്ക്കെതിരെ മേൽ കോടതിയെ വൈകാതെ സമീപിക്കും. അതേസമയം, വിധിയോടെ അയോഗ്യനായ രാഹുൽഗാന്ധി ഇന്നത്തെ സഭാ നടപടികളിൽ നിന്ന് വിട്ടുനിന്നേക്കും
രാഹുൽ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് എഐസിസി അറിയിച്ചു. വിമർശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു എന്നതിന് തെളിവായാണ് രാഹുലിനെതിരായ വിധിയെ കാണുന്നതെന്നും എഐസിസി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, മനു അഭിഷേക് സിംഗ്വി എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Also: രാഹുലിനെതിരായ വിധി: രാഷ്ട്രപതിയെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്
മോദി സമുദായത്തെക്കുറിച്ചുള്ള പരാമർശത്തിനെതിരെയാണ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് കോടതി തടവ് ശിക്ഷ വിധിച്ചത്. രാഹുലിനെതിരായ വിധി പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് എഐസിസി നേതാക്കൾ പറഞ്ഞു. മാനഹാനി ഉണ്ടയ വ്യക്തിയ്ക്ക് നേരിട്ടാണ് സാധാരണ ക്രിമിനൽ, മാനനഷ്ട കേസുകൾ നൽകാവുന്നത്. ഭയാശങ്കയില്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. വിമർശനങ്ങളെ തടയാൻ സർക്കാർ എല്ലാ മാർഗങ്ങളും പയറ്റുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐപിസി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സമയം നൽകി ജാമ്യം അനുവദിച്ചിട്ടുണ്ട്.
Story Highlights: rahul gandhi congress protest