Advertisement

സംഗീതലോകത്തിന് ‘പ്രിയതരമാകും ഒരു നാദം’ സമ്മാനിച്ച മാന്ത്രികൻ; ഓർമയിൽ ജോൺസൻ മാഷ്

March 26, 2023
Google News 3 minutes Read
johnson master birth anniversary

സംഗീതം കൊണ്ട് അനശ്വരനാക്കപ്പെട്ട മഹാമാന്ത്രികൻ ജോൺസൺ മാഷിന്റെ 70-ാം ജന്മവാർഷികം ഇന്ന്. കാലമെത്ര കഴിഞ്ഞാലും ജോൺസൻ മാഷ് സമ്മാനിച്ച ഈണങ്ങൾ ഇന്നും മലയാളി മനസുകൾക്ക് ഹൃദ്യസ്ഥം. മോഹം കൊണ്ട് ഞാൻ, അനുരാഗിണി, പവിഴം പോൽ, ആകാശമാകേ, പൂവേണം പൂപ്പട വേണം, കുന്നിമണിച്ചെപ്പ് തുറന്ന്, മൈനാക പൊന്മുടിയിൽ…ഇങ്ങനെ നീളുന്നു ആ മാസ്മരിക സംഗീതത്തിന്റെ മാജിക്ക്. ( johnson master birth anniversary )

ഏതോ ജന്മ കൽപന പോൽ മലയാളത്തിലേക്ക് ജോൺസൺ മാഷ് ഒഴുക്കിവിട്ട ഈണങ്ങൾ മുന്നൂറിലേറെ വരും. ഭർതൃവീട്ടിലെ കെട്ടനാളുകൾ പിന്നിലാക്കി മകൾ മാളൂട്ടിയുമൊത്ത് രാജിയും ഉണ്ണികൃഷ്ണനും ‘സ്വർഗങ്ങൾ സ്വപ്‌നം കാണും മണ്ണിൻ മടിയിൽ’ പാടി നടന്നപ്പോൾ മലയാളികൾ ഒന്നടങ്കമാണ് അവരുടെ സന്തോഷത്തിനൊപ്പം ആ ഗാനം ഏറ്റുപാടിയത്. നിസഹായനായ ഗന്ധർവൻ പാടിയ ‘ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ താരകം ഇന്നും നമ്മുടെ മനസിൽ ചെറിയ നോവാകുന്നു. തൂവാനത്തുമ്പികൾ, വന്ദനം, ചിത്രം എന്നീ സിനിമകൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു പക്ഷേ പശ്ചാത്തല സംഗീതം മാത്രം കേട്ട് ഒരു സിനിമ തിരിച്ചറിയുക എന്ന നിലയിലേക്ക് ഒരു സംഗീത സംവിധായകന് എത്തിക്കാൻ സാധിക്കുമെങ്കിൽ അത് ജോൺസൺ മാഷിന് മാത്രമായിരിക്കും. ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയത് ജോൺസൺ മാഷായിരുന്നു.

1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി – മേരി ദമ്പതികളുടെ മകനായാണ് ജോൺസൻ മാഷിന്റെ ജനനം. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി ഗായക സംഘത്തിലൂടെ സംഗീത ജീവിതം ആരംഭിച്ചു. അന്ന് സ്ത്രീ ശബ്ദത്തിൽ പാട്ടു പാടിയിരുന്നു. വയലിൻ പഠിച്ചിരുന്ന ജോൺസൺ മാഷ് 1968-ൽ വോയ്സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. തുടർന്ന് ദേവരാജൻ മാസ്റ്ററുടെ സഹായത്താൽ 1974-ൽ ജോൺസൺ മാഷ് ചെന്നൈയിലെത്തി.

1978-ൽ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 1981 ൽ ആന്റണി ഈസ്റ്റുമാൻറെ സംവിധാനത്തിൽ സിൽക്ക് സ്മിത നായികയായി അഭിനയിച്ച ഇണയെ തേടി എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവ്വഹിച്ചത്. തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നൽകിയത്. പിന്നീട് കൈതപ്രം, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരോടൊപ്പമുള്ള ജോൺസന്റെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവയിലെ ഈണങ്ങളിലൂടെ അദ്ദേഹം മലയാളി മനസുകളിൽ ഇടം പിടിച്ചു.

ജോൺസൻ മാഷിനെ തേടി ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത് 1982 ലാണ്. ഓർമയ്ക്കായി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായിരുന്നു പുരസ്‌കാരം. പിന്നീട് വടക്കു നോക്കി യന്ത്രം, മഴവിൽക്കാവടി, സദയം, സല്ലാപം എന്നീ ചിത്രങ്ങൾക്കും സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ മാഷ്. 1994 ൽ പൊന്തൻ മാട എന്ന ചിത്രത്തിൽ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചതിലൂടെയാണ് അദ്ദേഹത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. തൊട്ടടുത്ത വർഷം 1995 ൽ സുകൃതം എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതമൊരുക്കിയതിനും ജോൺസൺ മാഷിനെ തേടി ദേശീയ പുരസ്‌കാരമെത്തി.

2011 ആഗസ്റ്റ് 18- ന് ഹൃദയാഘാതത്തെ തുടർന്ന് തന്റെ 58-ആം വയസ്സിൽ ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.

Story Highlights: johnson master birth anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here