Advertisement

ആനയെയും, കടുവയെയും പേടിച്ച് ഏറുമാടത്തില്‍ അന്തിയുറങ്ങി ഗര്‍ഭിണിയും കുടുംബവും; ഇടപെട്ട് ആരോഗ്യമന്ത്രി

March 30, 2023
Google News 3 minutes Read
Tribal family living in erumadam afraid of wild animal attack

ആനയെയും, കടുവയെയും പേടിച്ച് 8 മാസം ഗര്‍ഭിണിയായ ഭാര്യയും രണ്ട് മക്കളുമായി 40 അടി ഉയരമുള്ള മരത്തിന് മുകളില്‍ ഏറുമാടം കെട്ടി അഭയം തേടിയ ആദിവാസി കുടുംബത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട് മന്ത്രി വീണാ ജോര്‍ജ്. കുടുംബത്തെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. നേരത്തെ രാജേന്ദ്രന്റെയും ഭാര്യ പൊന്നമ്മയുടെയും ദുരിതം ട്വന്‍രിഫോര്‍ വാര്‍ത്തയാക്കിയിരുന്നു.(Tribal family living in erumadam afraid of wild animal attack)

രാജേന്ദ്രനെയും കുടുംബത്തെയും സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. യുവതിയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക പരിശോധന നടത്തിയ ശേഷം പൊന്നമ്മയേയും മക്കളേയും മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരി രാജേന്ദ്രന്‍, ഭാര്യ പൊന്നമ്മ എന്നിവരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി വന്‍മരത്തെ വീടാക്കിയത്. ശബരിമല വനമേഖലയിലെ ചാലക്കയം ഉള്‍വനത്തില്‍ ആയിരുന്നു മലം പണ്ടാര വിഭാഗത്തില്‍പ്പെട്ട രാജേന്ദ്രനും കുടുംബവും താമസിച്ചിരുന്നത്. ആദിവാസികള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതോടെയാണ് ഇവര്‍ നിലവില്‍ താമസിക്കുന്ന പ്രദേശത്ത് എത്തിയത്.

റോഡിനോട് ചേര്‍ന്ന് ടാര്‍പ്പാ കൊണ്ട് കൂര ഒരുക്കെങ്കിലും ആന സ്ഥിരമായി താല്‍ക്കാലികക്കൂര പൊളിക്കാന്‍ തുടങ്ങി. ഇതിനിടെ പ്രദേശത്ത് കടുവയുടെ സാന്നിധ്യവും പതിവായി. ഇതോടെയാണ് ചെറിയ രണ്ടു മക്കളെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെയും സുരക്ഷയെ കരുതി രാജേന്ദ്രന്‍ 40 അടി ഉയരമുള്ള മരത്തിനു മുകളില്‍ ഏറുമാടം ഒരുക്കിയത്. എല്ലാദിവസവും വൈകുന്നേരം ആകുമ്പോള്‍ ഭാര്യയെയും മക്കളെയും ഏറുമാടത്തിനുള്ളില്‍ കയറ്റി സുരക്ഷിതരാക്കും. അടച്ചിറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ഈ കുടുംബം പറയുന്നു. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കുള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി വനത്തിലെത്തി പരിശോധനകള്‍ നടത്താറുണ്ട് എന്നും രാജേന്ദ്രനും കുടുംബവും പറഞ്ഞു. രാത്രിയായാലാണ് പ്രശ്‌നം തുടങ്ങുന്നത്. കഴിഞ്ഞ ദിവസവും ഏറുമാടത്തിലിരുന്ന് കടുവയെ കണ്ടു. പേടി കാരണം താഴെയിറങ്ങാതെ ഭാര്യക്കും മക്കള്‍ക്കും കാവലിരുന്നു.

Read Also: അട്ടപ്പാടി മധുവധകേസ്: അന്തിമ വിധി ഏപ്രിൽ നാലിന്

കഴിഞ്ഞ ഒരു വര്‍ഷമായി ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത് എന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും വീട് മാത്രം ലഭ്യമാകുന്നില്ല എന്നാണ് രാജേന്ദ്രനും ഭാര്യ പൊന്നമ്മയും പറയുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ മാത്രമാണ് ട്രൈബല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നതെന്നും ഈ കുടുംബം പറയുന്നു.

Story Highlights: Tribal family living in erumadam afraid of wild animal attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here