ബംഗാള്‍ സംഘര്‍ഷം: സിഐഡി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബംഗാള്‍ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു. ഐജി സുനില്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഘര്‍ഷത്തേക്കുറിച്ച് അന്വേഷിക്കും. ബംഗാളിലെ സംഘര്‍ഷ സാഹചര്യം , ഗവര്‍ണര്‍ സി വി ആനന്ദ ബോസും, മുഖ്യമന്ത്രി മമത ബാനര്‍ജിയും വിലയിരുത്തി.അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി എടുക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അക്രമത്തിലേക്ക് തിരിയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് തിരിച്ചറിയുമെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകും എന്നും ഗവര്‍ണര്‍ അറിയിച്ചു. ഹീനമായ കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ ബംഗാള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു. (CID probe in west bengal violence Ram Navami)
പശ്ചിമ ബംഗാളിലെ ഹൗറയിലും ദല്‍ഖോലയിലുമാണ് രാമനവമിയുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്. അക്രമകാരികള്‍ ഹൗറയില്‍ വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു. ദല്‍ഖോലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വീണ്ടും ഇവിടെ കലാപമുണ്ടായിരുന്നു.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
ഹൗറയില്‍ വെള്ളിയാഴ്ച ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗറ, ഷിബ്പൂര്‍, സാന്ത്രഗാച്ചി, ദാസ്‌നഗര്‍, സാല്‍കിയ, മാലിപഞ്ച്‌ഘോറ, ജഗച്ച പ്രദേശങ്ങള്‍ കനത്ത ജാഗ്രതയില്‍ തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഹൗറയിലെ ചില പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.00 വരെ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചിരുന്നു.
Story Highlights: CID probe in west bengal violence Ram Navami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here