Advertisement

മധു വധക്കേസില്‍ വിധി സ്വാഗതം ചെയ്യുന്നു; കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് മന്ത്രി.പി.രാജീവ്

April 4, 2023
Google News 2 minutes Read
P Rajeev about Madhu murder case verdict

മധുവിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്ന് മന്ത്രി പി രാജീവ്. മധു മരണപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മധുവിന്റെ വീട് സന്ദര്‍ശിച്ചുകൊണ്ടാണ് കൊലയാളികള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പ് നല്‍കിയത്. ഈ ഉറപ്പ് പാലിക്കപ്പെടുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പറഞ്ഞ മധുവിന്റെ അമ്മയ്ക്ക് നീതിന്യായ പോരാട്ടത്തിനൊടുവില്‍ നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.(P Rajeev about Madhu murder case verdict)

കേരളത്തില്‍ ആള്‍ക്കൂട്ടനീതിശാസ്ത്രമനുസരിച്ച് വിധി പ്രഖ്യാപിക്കുവാനും നടപ്പാക്കാനും ഒരാള്‍ക്കൂട്ടത്തെയും അനുവദിക്കില്ലെന്നും മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആയുധം കയ്യിലെടുക്കുന്നവര്‍ക്ക് നിയമത്തിന്റെ ഒരാനുകൂല്യവും ലഭിക്കില്ല. ആര്‍ക്കും പ്രതികളെ രക്ഷപ്പെടുത്താനും സാധിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് നീതിന്യായവ്യവസ്ഥയെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ സാധിക്കുന്ന വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കുറിച്ചു.

‘അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന വ്യാജപ്രചരണം നടത്തിയവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധി. ഏറ്റവും കാര്യക്ഷമതയോടെ കേസ് കൈകാര്യം ചെയ്ത കേരള പോലീസിനെ അഭിനന്ദിക്കുന്നു. കോടതിമുറിയില്‍ സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങളെ മൂര്‍ച്ചയേറിയ വാദങ്ങളിലൂടെ ഇല്ലാതാക്കിയ പ്രോസിക്യൂഷനും അഭിനന്ദനമര്‍ഹിക്കുന്നു. മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ എപ്പോഴുമുണ്ടായിരുന്നു. ഇനിയുമുണ്ടാകുമെന്ന ഉറപ്പ് നല്‍കുന്നു.

കേസിലെ 16 പ്രതികളില്‍ ഒന്നാം പ്രതിയും രണ്ടാം പ്രതിയുമടക്കം 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 304(2) പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. പഴുതടച്ച അന്വേഷണം നടത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് മെയ് മാസത്തില്‍ തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മധുവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കേസില്‍ പ്രാേസിക്യൂഷന്‍ മുഖ്യമായും ആശ്രയിച്ചത് ഡിജിറ്റല്‍ തെളിവുകളെയാണ്. പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങളും കേസില്‍ നിര്‍ണായകമായി.

Read Also: കേരളമൊട്ടാകെ കൂടെ നിന്നതിൽ നന്ദി; കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം; മധുവിന്റെ അമ്മയും സഹോദരിയും

ചില സാക്ഷികള്‍ കൂറുമാറിയിട്ടും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങള്‍ക്ക് സാധിച്ചു. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 2022 ഏപ്രില്‍ 28ന് തുടങ്ങിയ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം 2023 മാര്‍ച്ച് രണ്ടിന് പൂര്‍ത്തിയായി. 2023 ജനുവരി 30 മുതല്‍ മാര്‍ച്ച് 9 വരെ പ്രതിഭാഗം സാക്ഷി വിസ്താരം. വിചാരണ തുടങ്ങി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി വിധിപ്രഖ്യാപനം നടത്താന്‍ ഈ കേസില്‍ സാധിച്ചു. പ്രമാദമായ കേസുകളില്‍ പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായത്’.

Story Highlights: P Rajeev about Madhu murder case verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here