എലത്തൂർ ട്രെയിൻ ആക്രമണക്കേസ്; ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോയേക്കും. നിരന്തരമായി ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കള്ളം പറഞ്ഞ ഷാരൂഖ് പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിൻ്റെ പുതിയ നീക്കം. സംഭവം നടന്ന എലത്തൂർ റെയിൽവേ സ്റ്റേഷൻ, നിലവിൽ ബോഗിയുളള കണ്ണൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ട തെളിവെടുപ്പ്. ഷാരൂഖിൻ്റെ കേരള ബന്ധവും ഡൽഹിയിലെ സൗഹൃദങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. (elathur train shahrukh saifi)
കാണാതായ ദിവസം ഷാറൂഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. കേസിൽ ദില്ലിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ കാണാതായ മാർച്ച് 31ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്ന് പോയെന്നായിരുന്നു അമ്മയുടെ മൊഴി. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാറൂഖിന്റെ ദൃശ്യങ്ങളും ലഭിച്ചെന്നാണ് സൂചന. ദില്ലിയിൽ പ്രതിക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഇടപാടുകളുടെ പരിശോധന നടക്കുകയാണ്.
കേസിൽ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പ്രാദേശിക സഹായം ലഭിച്ചോ എന്നറിയാനാണ് അന്വേഷണം. ഷൊർണൂരിൽ എത്തിയ ദിവസം പ്രതി വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണുകൾ പലതും സ്വിച്ച്ഡ് ഓഫ് ആണ്. പ്രതി വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പൊലീസിന് കൈമാറി.
Read Also: എലത്തൂർ ട്രെയിൻ ആക്രമണക്കേസ്; അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്
പ്രതി ഷാറൂഖ് ഷൊർണൂരിൽ എത്തിയത് പുലർച്ചെ നാല് മണിയോടെയാണ്. ഇയാളെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു. പൊലീസിനെ വിവരമറിയിച്ചത് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത്. പ്രതി കാനിലാണ് പെട്രോൾ വാങ്ങിയത്. ഇത് കുപ്പിയിൽ ആക്കിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്. ഷൊർണൂരിലെ ഒരു കോളനിയിൽ പ്രതി എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോളനിയിൽ എത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
Story Highlights: elathur train attack shahrukh saifi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here