Advertisement

‘സമാധാനം നാരായണൻ നായർ’; ഒരു അപൂർവ്വ സൗഹൃദത്തിൻ്റെ ഓർമ്മ ദിനം

April 14, 2023
Google News 3 minutes Read

വി വി ശാന്തമ്മ

രണ്ടു വർഷം മുൻപുള്ള വിഷു ദിനത്തിലെ ദുഃഖം ഓരോ വിഷുവിനും ഓർമയായി വരും. എൻ്റെ കുടുംബവുമായി അത്ര മേൽ ചേർന്നു നിന്ന ഡോ. എൻ നാരായണൻ നായർ എന്ന വ്യക്തിയുടെ വിയോഗം അങ്ങനെ മാത്രമേ ഓർക്കാൻ കഴിയൂ.

‘സമാധാനം നാരായണൻ നായർ’ എന്ന പേര് ആദ്യം കേൾക്കുന്നത് എൻ്റെ അച്ഛൻ പറഞ്ഞാണ്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ശർമ്മാജി എന്റെ അച്ഛൻ വി വി വേലുക്കുട്ടി അരയന്റെ അടുത്ത സുഹൃത്താണ്. ശർമ്മാജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇൻഡോ-സോവിയറ്റ് കൾച്ചറൽ സൊസൈറ്റിയുടെ എല്ലാ പരിപാടികൾക്കും എൻ്റെ അച്ഛനെയും അദ്ദേഹം ക്ഷണിക്കുമായിരുന്നു. പരിപാടികളെക്കുറിച്ച് അച്ഛൻ ഞങ്ങൾക്ക് വിവരിച്ചു തരുന്ന പതിവും ഉണ്ട്. അത്തരം വിവരണങ്ങൾക്കിടയിലാണ് ‘സമാധാനം നാരായണൻ നായർ’ എന്ന പേര് കടന്നു വന്നത്.
”മിടുക്കനായ ചെറുപ്പക്കാരൻ…” അച്ഛന്റെ വിലയിരുത്തൽ.

ഇന്ത്യ-റഷ്യ സമാധാന സൗഹൃദ സംഘത്തിന്റെ പ്രവർത്തങ്ങൾക്ക് നൽകിയ നേതൃത്വമാണ് എൻ നാരായണൻ നായർ എന്ന കമ്മ്യൂണിസ്റ്റിനെ ‘സമാധാനം നാരായണൻ നായർ’ ആക്കിയതെന്നും അച്ഛന്റെ വിവരണങ്ങളിലൂടെ അറിഞ്ഞു. സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവുകളെ പറത്തിവിട്ടാണ് അന്ന് ഇന്ത്യ-റഷ്യ സമാധാന സൗഹൃദ സംഘത്തിന്റെ പ്രവർത്തങ്ങൾ ആരംഭിക്കുന്നത്.

അച്ഛനിലൂടെ അറിഞ്ഞ സമാധാനം നാരായണൻ നായരെ പിന്നെ ഞാൻ കാണുന്നത് എന്റെ ഭർത്താവിന്റെ അടുത്ത സുഹൃത്തും സഖാവുമായാണ്. അച്ഛൻ അദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സഖാവ് പി ജി വേലായുധൻ നായർ എന്റെ ജീവിതത്തിലേക്ക് വരുന്നത്. നാരായണൻ നായർ സർ നിയമവിദ്യാഭ്യാസ രംഗത്തേക്ക് ചുവട് വയ്ക്കാൻ തുടങ്ങുന്ന കാലമാണ്. നാരായണൻ നായർ സാറും പിജിയും തമ്മിലുണ്ടായിരുന്നത്‌ ഒരു അപൂർവ്വ സൗഹൃദമായിരുന്നു. അവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതായി എന്റെ ഓർമയിലില്ല. മണിക്കൂറുകളോളം ഇരുവരും സംസാരിച്ചിരിക്കും. എന്നിട്ടും സംസാരം പൂർത്തിയാകാതെയാകും പിരിയുക. ആ സൗഹൃദം അദ്ദേഹത്തിന്റെ സഹോദരങ്ങളെയും ഞങ്ങളുടെ കുടുംബത്തിലേക്ക് അടുപ്പിച്ചു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നു പിജി യും സാറും. ഒടുവിൽ പാർട്ടി പിളർന്നു രണ്ടായി. സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായക നീക്കങ്ങളുമായി പിജി സജീവമായ ദിനങ്ങൾ. അണികളെ നിലനിർത്താനും ഓഫിസുകൾ പിടിച്ചെടുക്കാനും മുന്നിട്ടിറങ്ങിയ സിപിഐഎം ഡിക്റ്റെറ്റർ ആണ് പി ജി. മറുവശത്ത് ‘ശത്രു’ പാളയത്തിലേക്ക് സഖാക്കൾ ഒഴുകാതിരിക്കാൻ സിപിഐയോട് ചേർന്ന് ചെറുത്ത് നിൽക്കുന്ന സഖാവാണ് എൻ നാരായണൻ നായർ. തലസ്ഥാന ജില്ലയിൽ ഇരുവരും രണ്ട് ചേരിയിൽ. പക്ഷെ ഇരുവർക്കുമിടയിൽ നിലനിന്ന ആത്മബന്ധത്തിന് ഒരു പോറൽ പോലും ഏറ്റില്ല എന്നതിന് ഞാൻ സാക്ഷി. മാത്രമല്ല, വർഷങ്ങൾ കൊണ്ട് പിജിയെ മാതൃ സംഘടനയിലേക്ക് മടക്കിക്കൊണ്ടു പോകാൻ നാരായണൻ നായർ സാറിന് കഴിയുകയും ചെയ്തു.

പി ജി വളരെ അവശതയിലായി കിടക്കുന്ന ദിവസങ്ങളിലൊന്നിൽ നാരായണൻ നായർ സർ സുഹൃത്തിനെ കാണാൻ എത്തി. പതിറ്റാണ്ടുകൾക്ക് മുൻപുള്ള അതേ ആവേശത്തിൽ രണ്ടു പേരും ഏറെ നേരം സംസാരിച്ചിരുന്നു. പിജി മരിച്ച ദിവസം സുഹൃത്തിനെ അവസാനമായി കാണാൻ അദ്ദേഹം ഒരിക്കൽ കൂടി എത്തി. ഒരു വീഴ്ചയിൽ രണ്ടു കാലിന്റെയും എല്ലിന് പൊട്ടലുണ്ടായി പ്ലാസ്റ്റർ ചെയ്തിരിക്കുന്നു. ഒരു സഹായിയുടെ തോളിൽ പിടി മുറുക്കിയാണ് വരവ്. കുറെ നേരം പിജിയുടെ മുഖത്തേക്ക് നോക്കി നിന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത രംഗം.

എൻ്റെ മകന്റെ ജീവിതം തന്നെ മാറ്റിയ ഗുരുനാഥന്റെ രൂപത്തിൽ കൂടി ഡോ. എൻ നാരായണൻ നായർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. എൻ്റെ മകൻ മാത്രമല്ല, എൻ്റെ സഹോദരങ്ങളും അവരുടെ മക്കളും നാരായണൻ നായർ സാറിന്റെ ശിഷ്യരായിരുന്നു.

കേരളത്തിൽ നിയമ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഡോ. നാരായണൻ നായർ സാറും കേരള ലോ അക്കാദമിയും വിത്ത് പാകിയത്. കേരളത്തിലെ കോടതികളിൽ തിളങ്ങുന്ന അഭിഭാഷകർ, ഹൈക്കോടതിയിലെയും സുപ്രിം കോടതിയിലെയും ന്യായാധിപന്മാർ, ഭരണ തലത്തിൽ മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ലോകമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളിലെ നിയമവിഭാഗം തലവന്മാർ. ലോ അക്കാദമി പൂർവ്വ വിദ്യാർത്ഥികളായ സമർഥരുടെ പട്ടിക മാത്രം മതി വിമർശകരുടെ വായടപ്പിക്കാൻ.

ഡോ. എൻ നാരായണൻ നായർ; ദീർഘ വീക്ഷണമുള്ള വിദ്യാഭ്യാസ വിചക്ഷണൻ, അധികാര രാഷ്ട്രീയ മോഹങ്ങളില്ലാത്ത കമ്മ്യൂണിസ്റ്റ്, നല്ല സഖാവ്, നല്ല സുഹൃത്ത്, രാഷ്രീയ കേരളത്തിന് അഭിമാനിക്കാവുന്ന പ്രതിഭകളെ സമ്മാനിച്ച വ്യക്തി. ജീവിതത്തിൽ എനിക്കുണ്ടായ അനുഭവങ്ങൾ ഒരു വശത്ത് അദ്ദേഹം ഒരു പ്രസ്ഥാനമായി പടർന്നതിന്റെ ചിത്രം മറു വശത്ത്. ഓർമ്മിക്കാൻ ഒരു ദിവസമല്ല; ഒരു ദിവസവും മറക്കാൻ കഴിയാത്ത വ്യക്തിത്വം.
നന്ദി ! പ്രണാമം!

(ഓർമ്മക്കുറിപ്പ്- വി വി ശാന്തമ്മ
സാമൂഹ്യ പരിഷ്കർത്താവും നവോഥാന നായകനുമായ ഡോ വി വി വേലുക്കുട്ടി അരയന്റെ മകൾ, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി ജി വേലായുധൻ നായരുടെ ഭാര്യ)

Story Highlights: writeup about samadhanam narayanan nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here