അരികൊമ്പൻ പുനരധിവാസം: പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിൽ ദൗത്യ സംഘം രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്. Kerala HC grants the govt more time to find location for Arikomban
അരിക്കൊമ്പൻ ദൗത്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അരിക്കൊമ്പൻ ആനയെ ചിന്നക്കനാലിൽ നിന്ന് മാറ്റാൻ പറമ്പിക്കുളം അല്ലാതെ മറ്റൊരിടം നിർദേശിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചു. പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ അരിക്കൊമ്പനെ നിരീക്ഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറണം. വിദഗ്ദ സമിതി അംഗീകരിച്ചാൽ തുടർ നടപടികളിലേക്ക് കടക്കാം.
Read Also: അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി
കോടതിയുടെ ഉത്തരവുണ്ടാകുന്നത് വരെ സർക്കാർ കണ്ടെത്തുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകരുതെന്നും കോടതി നിർദേശിച്ചു. പാലക്കാട് , ഇടുക്കി, വയനാട് , ആറളം എന്നീ സ്ഥലങ്ങളാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിലും ദൗത്യ സംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച പഠനത്തിനായാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്. ഡി.എഫ്.ഒ, റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവരുൾപ്പെടെ ദൗത്യ സംഘത്തിലുണ്ടാകും. ദൗത്യ സംഘം പ്രശ്നം പഠിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഇതിനിടെ മനുഷ്യ മൃഗ സംഘർഷങ്ങളിൽ കൃത്യമായ ഇടപെടൽ യഥാസമയം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടികാണിച്ച് വനം വകുപ്പിന് രൂക്ഷ വിമർശനവും ഹൈക്കോടതിയിൽ നിന്നുണ്ടായി.
Story Highlights: Kerala HC grants the govt more time to find location for Arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here