ഗുജറാത്തിനെ വരിഞ്ഞുമുറുക്കി ലക്നൗ; വിജയലക്ഷ്യം 136 റൺസ്

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മാന്യമായ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 135 റൺസ് നേടി. 50 പന്തിൽ 66 നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. വൃദ്ധിമാൻ സാഹ 37 പന്തിൽ 47 റൺസ് നേടി പുറത്തായി. ലക്നൗവിനായി സ്റ്റോയിനിസും കൃനാലും 2 വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ ഗില്ലിനെ (0) നഷ്ടമായ ഗുജറാത്തിനെ ലക്നൗ ബൗളർമാർ വരിഞ്ഞുമുറുക്കി. ഹാർദിക് പാണ്ഡ്യ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ കാൽക്കുലേറ്റഡ് റിസ്കുകളെടുത്ത വൃദ്ധിമാൻ സാഹയാണ് ഗുജറാത്തിൻ്റെ സ്കോർ ബോർഡ് ചലിപ്പിച്ചത്. രണ്ടാം വിക്കറ്റിൽ 68 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം സാഹ മടങ്ങി. കൃണാൽ പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അഭിനവ് മനോഹർ (3), വിജയ് ശങ്കർ (10) എന്നിവർ വേഗം മടങ്ങി. അമിത് മിശ്ര, നവീനുൽ ഹഖ് എന്നിവരാണ് യഥാക്രമം ഈ വിക്കറ്റുകൾ നേടിയത്.
17 ഓവർ വരെ തട്ടിമുട്ടിനിന്ന ഹാർദിക് രവി ബിഷ്ണോയ് എറിഞ്ഞ 18ആം ഓവറിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 18 റൺസ് നേടിയാണ് ഇന്നിംഗ്സ് നില മെച്ചപ്പെടുത്തിയത്. ഓവർ ആരംഭിക്കുമ്പോൾ 41 പന്തിൽ 40 റൺസ് നേടിയ ഹാർദിക് 44 പന്തിൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ ഹാർദിക് മടങ്ങി. സ്റ്റോയിനിസിനായിരുന്നു വിക്കറ്റ്. അവസാന പന്തിൽ മില്ലറും (6) പുറത്ത്.
Story Highlights: gt innings vs lsg ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here