‘കമ്മി കൃമികളേ, ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ, അതിനായി നാലക്ഷരം വായിക്കൂ’; ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു

സിപിഐഎമിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ജോയ് മാത്യുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസമുയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിൻ്റെ വിമർശനം. വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ് എന്ന് അദ്ദേഹം കുറിച്ചു. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങൾ രണ്ടാമതാണ് എന്നും അദ്ദേഹം പറഞ്ഞു. (joy mathew faccebook cpim)
Read Also: പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ
ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജനാധിപത്യം എന്ന് കേൾക്കുമ്പോൾ പാർട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങൾ ഞാൻ സിനിമ എഴുത്ത് തൊഴിലാളി യൂണിയൻ (ഫെഫ്ക)യിൽ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു. എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും എതിർ ശബ്ദങ്ങൾ, അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണ്. ആ അർത്ഥത്തിൽ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണം. ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു; അതിനെ പിന്തുണയ്ക്കാൻ ആളുകളുണ്ട് എന്നതു മാത്രമാണ്.
വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങൾ രണ്ടാമതാണ്. അതിനാൽ കമ്മി കൃമികളേ, ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ. അതിനായി നാലക്ഷരം വായിക്കൂ. പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങൾക്ക് ഇത് സമർപ്പിക്കുന്നു.
“ഭൂരിപക്ഷത്തിൻ വരം നേടും ജയത്തേക്കാൾ
നേരിനൊപ്പം നിന്നു തോൽക്കുന്നതാണെനിക്കിഷ്ടം”
–വിഷ്ണുനാരായണൻ നമ്പൂതിരി.

Story Highlights: joy mathew faccebook post cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here