ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററിലൂടെ പുറത്തുവന്നത് കോൺഗ്രസ് നേതാക്കളുടെ മനസിലെ മാലിന്യം; പികെ കൃഷ്ണ ദാസ്

കോൺഗ്രസ് നേതാക്കളുടെ മനസിലെ മാലിന്യമാണ് ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ വന്ദേഭാരതിൽ ഒട്ടിച്ചതിലൂടെ പുറത്ത് വന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. വന്ദേ ഭാരത് കേരളത്തിനു നൽകിയ മോദിയുടെ പോസ്റ്റർ പോലും ബിജെപി ഒട്ടിച്ചിട്ടില്ല. വന്ദേ ഭാരതിലൂടെയുള്ള മോദി ഇഫെക്ട് കേരളത്തിലും ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ( vk sreekandan poster in vande bharat PK Krishna Das response ).
മോദിയെ കേരള ജനത പിന്തുണക്കുന്നത് മാറ്റത്തിന്റെ തുടക്കമാണ്. വന്ദേ ഭാരതിനെ കേരള ജനത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഏറ്റെടുത്തുകഴിഞ്ഞു. തിരൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ന്യായമാണ്. സ്റ്റോപ്പ് അനുവദിക്കാനായി ബിജെപി മുൻ കൈയെടുക്കുമെന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പോസ്റ്റർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ. ഇക്കാര്യം ശ്രീകണ്ഠൻ അറിഞ്ഞിട്ടില്ല എന്ന് എഫ്ബിയിൽ കണ്ടു. തിരൂരും ചെങ്ങന്നൂരും വന്ദേ ഭാരതിന് സ്റ്റോപ്പ് ഇല്ലാത്തത് നീതികേടാണ്. മലപ്പുറം ജില്ലയോടുള്ള അവഗണ അംഗീകരിക്കാനാകില്ല. ജില്ലയ്ക്ക് ഒരു സ്റ്റോപ്പെങ്കിലും നൽകണം. ഇപ്പോഴത്തേ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും അത് കുറയ്ക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തു. എന്നാൽ, പോസ്റ്ററുകൾ ഒട്ടിച്ചതല്ലെന്നും മഴ വെളളത്തിൽ പോസ്റ്റർ വച്ചതാണ് എന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയിൽവേയുടെ ഇൻ്റലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: vk sreekandan poster in vande bharat PK Krishna Das response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here