മിഷൻ അരിക്കൊമ്പൻ: ദൗത്യം നാളെ പുലർച്ചെ ആരംഭിക്കും, രണ്ടു വാർഡുകളിൽ നിരോധനാജ്ഞ

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ നാളെ മയക്കുവെടി വയ്ക്കും. രാവിലെ 4. 30ന് ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽ ഒത്തുചേരും.
അവിടെ നിന്നും വിവിധ ടീമുകൾ ആയി തിരിഞ്ഞ് അരിക്കൊമ്പൻ ഉള്ള സ്ഥലത്തേക്ക് പുറപ്പെടും നിലവിൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉള്ളത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകൾ ഉൾപ്പെടെ 150 ഓളം പേർ ദൗത്യത്തിൽ പങ്കെടുക്കും. പൊലീസ് ഫയർഫോഴ്സ് മോട്ടോർ വാഹനം ആരോഗ്യം കെഎസ്ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിലുള്ളത്.
ഹൈറേഞ്ച് സർക്കിൾ സിസി എഫ്ആർഎസ് അരുൺ, രമേഷ് ബിഷ്‌നോയ് മൂന്നാർ ഡിഎഫ്ഓ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ദൗത്യ സംഘത്തിലെ സ്പെഷ്യൽ ടീം നയിക്കുന്നത് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ ആണ്. നാലു ഡോക്ടർമാരാണ് ഈ സംഘത്തിൽ ഉണ്ടാവുക. ദൗത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സൂര്യോദയത്തിന് ശേഷമാണ് മയക്കുവെടി വയ്ക്കുക. ഏഴു മണിയോടെ ആദ്യ ഡോസ് കൊടുത്തേക്കും. മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും.
Read Also: അരിക്കൊമ്പൻ: വിഷയം കോടതിയിൽ എത്തിയതിനാൽ പരിഹാരം വൈകുന്നുവെന്ന് വനം മന്ത്രി
ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.
Story Highlights: Mission arikomban will start tomorrow morning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here