ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട്; നിരന്തരം ശല്യക്കാരൻ

ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടിലേറെയാകുന്നു. ശാന്തൻപാറ, ആനയിറങ്കൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലെ നിരന്തരം ശല്യക്കാരായ കാട്ടാനകളിൽ പ്രധാനി അരിക്കൊമ്പൻ തന്നെയാണെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. 30നും നാൽപ്പതിനും ഇടയിലാണ് അരിക്കൊമ്പന്റെ പ്രായം. പലചരക്കുകടകളും റേഷൻകടകളും തകർത്ത് അരി ഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന് ഈ പേരു വന്നത്. ( Who is Arikomban; mission started in idukki ).
അരി മാത്രമല്ല അരിക്കൊമ്പന്റെ ഭക്ഷണം. ഗോതമ്പും ആട്ടയുമൊക്കെ ഭക്ഷിക്കാൻ കക്ഷിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അരിയും ഗോതമ്പുമൊക്കെ കുറച്ചുസമയം കൊണ്ട് ചാക്കുകണക്കിനാണ് അരിക്കൊമ്പൻ അകത്താക്കുന്നത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പൻ അകത്താക്കിയിരുന്നു. മാർച്ച് 16-ന് പുലർച്ചെ അഞ്ചിനായിരുന്നു ഈ സംഭവം.
ഏഴുപേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. വനംവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് 18 വർഷത്തിനിടെ അരിക്കൊമ്പൻ 180ൽപ്പരം കെട്ടിടങ്ങൾ തകർത്തിട്ടുണ്ട്. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ഏക്കറുകണക്കിന് കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുവർഷംമുമ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ചിട്ടുണ്ടെങ്കിലും ചെങ്കുത്തായ പ്രദേശമായതിനാൽ ആ ദൗത്യം പാളിയിരുന്നു.
Read Also: കാലാവസ്ഥ അനുകൂലം; രാവിലെ ആറ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വെച്ചേയ്ക്കും
അരിക്കൊമ്പൻ മിഷന് വനംവകുപ്പ് പൂർണമായും സജ്ജമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് രാവിലെ ആറ് മണിയോടെ തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ചേയ്ക്കുമെന്നാണ് വനം വകുപ്പ് അധികൃതർ അറിയിക്കുന്നത്. ജനങ്ങൾ പൂർണമായും ദൗത്ത്യത്തോട് സഹകരിക്കുന്നുണ്ടെന്നും നേരത്തേ നേരിയ ചാറ്റൽമഴ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാലാവസ്ഥ പൂർണമായും അനുകൂലമാണെന്നും ദൗത്യ സംഘം അറിയിച്ചു.
മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.
അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിച്ചു. വെളുപ്പിന് നാലുമണിമുതൽ ദൗത്യം പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും പ്രത്യേകം കടമകൾ നൽകിയിട്ടുണ്ട്.
Story Highlights: Who is Arikomban; mission started in idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here