‘മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം’; സുപ്രിം കോടതിയെ സമീപിച്ച് ഭാര്യ

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ. ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹസിൻ ജഹാൻ സുപ്രിം കോടതിയെ സമീപിച്ചത്. (Mohammed Shami Hasin Jahan)
ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും അദ്ദേഹത്തിന് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് ഹസിൻ ജഹാൻ്റെ ആരോപണം. ഇന്ത്യൻ ടീമിനൊപ്പമുള്ള പര്യടനങ്ങൾക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു. ഹസിൻ ജഹാൻ്റെ പരാതിയിൽ 2019 ഓഗസ്റ്റ് 29ന് അലിപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ ഷമി സെഷൻസ് കോടതിയെ സമീപിച്ചു. അക്കൊല്ലം സെപ്തംബർ രണ്ടിന് കോടതി ഉത്തരവ് റദ്ദാക്കി. തുടർന്ന് ഷമിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതോടെയാണ് അവർ സുപ്രിം കോടതിയെ സമീപിച്ചത്.
Read Also: ‘ടിക് ടോക്കിൽ സ്ത്രീകളെ മാത്രം പിന്തുടരുന്നു’; ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിൻ ജഹാൻ
2018 തുടക്കത്തിൽ ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഗാർഹിക പീഡനം ആരോപിച്ച് മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. ഷമിയും വീട്ടുകാരും മർദിച്ചെന്നാരോപിച്ചായിരുന്നു പരാതി. തുടർന്നു ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.
2018 മാർച്ച് ഏഴിന് ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.
Story Highlights: Mohammed Shami Arrest Warrant Hasin Jahan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here