തിരിച്ചടി ഇവിടെ തീരരുത്, ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമിത്, ഞങ്ങള്‍ 26 കുടുംബങ്ങളുടെ വേദന അത്രത്തോളമുണ്ട്: ഹിമാന്‍ഷി നര്‍വാള്‍

വിവാഹം കഴിഞ്ഞ് ആറുദിവസത്തിനുശേഷമുള്ള മധുവിധുയാത്രയില്‍ ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയ ഭീകരര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതില്‍ കേന്ദ്രത്തോട് നന്ദി അറിയിച്ച് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി. തിരിച്ചടി ഇവിടം കൊണ്ട് അവസാനിക്കരുതെന്നും ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണം ഇതെന്നും ഹിമാന്‍ഷി പറഞ്ഞു. തന്റെ ഭര്‍ത്താവ് ഡിഫന്‍സില്‍ ചേര്‍ന്നത് നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും സമാധാനം കാക്കാനുമാണ്. തീവ്രവാദത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഒരു തുടക്കമായി ഈ പ്രത്യാക്രമണം മാറണമെന്ന് അദ്ദേഹത്തിനുവേണ്ടി താന്‍ ആഗ്രഹിക്കുന്നുവെന്നും ഹിമാന്‍ഷി നര്‍വാള്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഹിമാന്‍ഷിയുടെ പ്രതികരണം. (Navy officer’s widow praises Op Sindoor)
വെടിയേറ്റ് കൊല്ലപ്പെട്ട ഭര്‍ത്താവിനരികിലിരുന്ന് വിലപിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ഇന്ത്യയുടെയാകെ നൊമ്പരമായി മാറുകയും അത് ഭീകരവാദത്തിനെതിരെ രാജ്യത്തെയാകെ വൈകാരികമായി ഒരുമിപ്പിക്കുകയും ചെയ്തിരുന്നു. ഹിമാന്‍ഷിയെപ്പോലെ ഭര്‍ത്താവിന്റെ മരണം നോക്കിനില്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ കണ്ണീരിനേയും പ്രതികാരത്തേയും ഓര്‍മിപ്പിക്കുന്ന പേരാണ് രാജ്യം പ്രത്യാക്രമണത്തിന് നല്‍കിയത്. ഭീകരവാദത്തിനെതിരെ പൊരുതാന്‍ ആഗ്രഹിച്ച തന്റെ ഭര്‍ത്താവിന്റെ ആദര്‍ശത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നല്‍കിയിരിക്കുന്നതെന്ന് ഹിമാന്‍ഷി പ്രതികരിച്ചു.
Read Also: സുരക്ഷിതരായി, ഒറ്റക്കെട്ടായി, സജ്ജമായി ഇന്ത്യ; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി
സൈന്യവും കേന്ദ്രസര്‍ക്കാരും ഭീകരവാദികള്‍ക്ക് ശക്തമായ സന്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നതെന്നും അതിന് തനിക്ക് അങ്ങേയറ്റം കടപ്പാടുണ്ടെന്നും ഹിമാന്‍ഷി പറഞ്ഞു. ഞങ്ങള്‍ 26 കുടുംബങ്ങള്‍ അനുഭവിച്ച വേദന അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്ക് മനസിലായി. ഭര്‍ത്താവിന്റെ ജീവനുവേണ്ടി കെഞ്ചിയപ്പോള്‍ ഭീകരവാദികള്‍ പറഞ്ഞത് മോദിയോട് പറയാനാണ്. ഇപ്പോള്‍ മോദി അവര്‍ക്ക് മറുപടി നല്‍കിയെന്നും ഹിമാന്‍ഷി പറഞ്ഞു.
Story Highlights : Navy officer’s widow praises Op Sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here