Advertisement

അമേരിക്ക മാത്രമല്ല, മുഖ്യമന്ത്രിയും സംഘവും ക്യൂബയും സന്ദര്‍ശിക്കും; ലോക കേരള സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കും

May 4, 2023
Google News 3 minutes Read
CM Pinarayi Vijayan will visit America and Cuba

അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിക്കും. അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം. സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയും ഉള്‍പ്പടെ 11 അംഗങ്ങളാണുള്ളത്. യുഎസില്‍ നടക്കുന്ന ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. ക്യൂബയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയെ അനുഗമിക്കും. (CM Pinarayi Vijayan will visit America and Cuba)

യുഎഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അമേരിക്ക- ക്യൂബ സന്ദര്‍ശനത്തിന് തയാറെടുക്കുന്നത്. മുഖ്യമന്ത്രി അമേരിക്ക സന്ദര്‍ശിക്കുമെന്ന് മുന്‍പ് തന്നെ നിശ്ചയിച്ചിരുന്നു. മുഖ്യമന്ത്രി ക്യൂബയും സന്ദര്‍ശിക്കുമെന്ന വിവരം ഇപ്പോഴാണ് പുറത്തെത്തുന്നത്. എന്നാല്‍ യാത്രയ്ക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. യാത്രാനുമതിയ്ക്കായി മുഖ്യമന്ത്രി ഉടന്‍ കേന്ദ്രത്തെ സമീപിക്കും.

Read Also: കേന്ദ്ര അനുമതി ലഭിച്ചില്ല; മുഖ്യമന്ത്രിയുടെ യുഎഇ യാത്ര റദ്ദാക്കി

അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍ ഇന്ത്യന്‍ എംബസിക്കോ യുഎഇ കോണ്‍സുലേറ്റിനോ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കാതിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം നല്‍കണമെന്നുണ്ടെങ്കില്‍ അത് വിദേശകാര്യ മന്ത്രാലയം വഴിയോ കോണ്‍സുലേറ്റ് വഴിയോ നല്‍കണമായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. രണ്ടിടങ്ങളിലും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഇതിനെ ഔദ്യോഗിക ക്ഷണമായി കാണാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുകയായിരുന്നു.

Story Highlights: CM Pinarayi Vijayan will visit America and Cuba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here