‘ചരിത്രം അല്ലല്ലോ, കഥയല്ലേ?’ എന്ന് കോടതി; ദി കേരള സ്റ്റോറിയ്ക്ക് സ്റ്റേ ഇല്ല; ടീസർ പിൻവലിക്കാമെന്ന് നിർമാതാവ്

വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് സ്റ്റേ ഇല്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാവ് അറിയിച്ചു എന്നും കോടതി പറഞ്ഞു. ടീസറും ട്രെയിലറും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. സിനിമ ഇന്ന് തീയറ്ററുകളിലെത്തി. (kerala story high court)
പുസ്തകങ്ങളേക്കാളും ഇംപാക്ട് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിയുമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ഹർജിക്കാർ വാദിച്ചു. മുസ്ലിം വിഭാഗത്തെ ഇകഴ്ത്തി കാണിക്കുകയാണ് സിനിമ. കേരളം മതസൗഹാർദം നിലനിർത്തുന്ന സംസ്ഥാനമാണ്. കേരളത്തിൽ നിന്ന് പോകാൻ ആരും ആഗ്രഹിക്കുന്നില്ല. സിനിമ തെറ്റായ സന്ദേശം നൽകുന്നെന്നും ഹരജിക്കാർ വാദിച്ചു.
സിനിമയുടെ ടീസറും ട്രെയിലറും കോടതി കണ്ടു. ട്രെയിലറിൽ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് കോടതി നിലപാടെടുത്തു. അതുകൊണ്ട് തന്നെ ദി കേരള സ്റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തവില്ല. യഥാർത്ഥ സംഭവങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് എന്ന് മാത്രമേ ചിത്രത്തിൽ പറയുന്നുള്ളൂ. കലാപരമായ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി നിലപാടെടുത്തു.
Read Also: ‘ദി കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണം; സെൻസർ ബോർഡ്
ചിത്രത്തിന്റെ ടീസറുകളിൽ ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ എന്ന് പറയുന്നുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. സിനിമ കാണണമെന്നില്ല ചിത്രത്തിൻറെ ട്രെയിലർ സിനിമയുടെ ഭാഗമല്ലേ? ഒരു ദൈവം വലുതെന്നും മറ്റൊന്നു ചെറുതെന്നും പറയുന്നതിൽ അജണ്ട ഉണ്ടെന്ന് ഹർജിക്കാരിലൊരാൾ പറഞ്ഞപ്പോൾ അതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സിനിമയിൽ തെറ്റായി ചിത്രീകരിച്ചുവെന്ന് കരുതി ആശ്രമത്തിലോ കോൺവെന്റിലോ ആളുകൾ പോകാതിരിക്കുന്നുണ്ടോ? ഹിന്ദു സന്യാസിമാരെയും ക്രിസ്ത്യൻ പുരോഹിതരെയും എത്രയോ ചിത്രങ്ങളിൽ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അത് ആ ചിത്രം നിരോധിക്കാനുള്ള കാരണം അല്ല. ഹിന്ദിയിലും മലയാളത്തിലും നിരവധി ചിത്രങ്ങൾ അങ്ങനെ ഉണ്ടെന്നും കോടതി പറഞ്ഞു.
ട്രെയിലറിലും ടീസറിലും എന്താണ് ഇസ്ലാമിക സമുദായത്തിനെതിരായുള്ളതെന്ന് കോടതി ചോദിച്ചു. ഐഎസ്ഐഎസിനെതിരായാണ് ട്രെയിലറിൽ ഉൾപ്പെടെ പറയുന്നത്. ഇസ്ലാം മതത്തിനെതിരെ ട്രെയിലറിൽ ഒന്നും പറയുന്നില്ലെന്ന് കോടതി പറഞ്ഞു. കേരളം മതേതരത്വം ഉയർത്തിക്കാണിക്കുന്ന സംസ്ഥാനമെന്ന് കോടതി പറഞ്ഞു. നിർമാല്യം ചിത്രം ഇറങ്ങിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. നിർമാല്യം സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലെ. സിനിമ കാണാതെ വിമർശനമുന്നയിക്കണോ. സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒന്നും സിനിമയിലില്ലല്ലോ. ചരിത്രം പറയുന്ന സിനിമ അല്ലല്ലോ, വെറും കഥയല്ലേ എന്നും കോടതി ചോദിച്ചു.
Story Highlights: the kerala story high court teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here