Advertisement

ചരിത്ര മുഹൂര്‍ത്തത്തിന് ഒരുങ്ങി ബ്രിട്ടന്‍; ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ക്ക് തുടക്കമായി

May 6, 2023
Google News 8 minutes Read

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര ആരംഭിച്ചു. ഇതോടെ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങുകൾക്ക് തുടക്കമായി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഒപ്പമുണ്ടാകും. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ ചടങ്ങുകള്‍ ലോകജനത ഏറെ കൗതകത്തോടെയാണ് നോക്കി കാണുന്നത്.

1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരില്‍ക്കണ്ടവരില്‍ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനില്‍ ജീവിച്ചിരിക്കുന്നുണ്ടാവൂള്ളൂ.

വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുക്കുന്നു.

Read Also: ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…

ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ‌ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾ മറന്നും എത്തിയിട്ടുണ്ട്. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

Story Highlights: King charles iii coronation ceremony starts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here