Advertisement

ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ലക്നൗവിനെതിരെ, വിജയവഴിയിലെത്താൻ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും

May 7, 2023
Google News 2 minutes Read
gujarat lsg rajasthan srh

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകിട്ട് 3.30നു നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7.30ന് തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. (gujarat lsg rajasthan srh)

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ബാലൻസ്ഡായ ടൂർണമെൻ്റാണ് ഇക്കുറി നടക്കുന്നത്. ആദ്യ സ്ഥാനത്തുള്ള ഗുജറാത്തിന് 14 പോയിൻ്റുള്ളപ്പോൾ 9ആം സ്ഥാനത്തുള്ള ഡൽഹിയ്ക്ക് 8 പോയിൻ്റുണ്ട്. 4 ടീമുകൾക്ക് 10 പോയിൻ്റ്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ ടീമുകൾക്കെല്ലാം നിർണായകമാണ്. കഴിഞ്ഞ കളിയിൽ രാജസ്ഥാനെ ആധികാരികമായി തോല്പിച്ച ഗുജറാത്ത് ഇന്ന് വിജയിച്ചാൽ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. ഹാർദിക് പാണ്ഡ്യ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയത് ഗുജറാത്തിന് ആശ്വാസമാവും. ഗുജറാത്തിന് ആശങ്കകളില്ല. ജോഷ്വ ലിറ്റിൽ നാട്ടിലേക്ക് മടങ്ങിയതിനാൽ അൽസാരി ജോസഫ് കളിക്കും.

Read Also: മതീഷ പതിരനയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് അടുപ്പിക്കരുത്; അവൻ ഐസിസി ടൂർണമെൻ്റുകൾ കളിക്കട്ടെ: എംഎസ് ധോണി

കെഎൽ രാഹുൽ പരുക്കേറ്റ് പുറത്തായത് ലക്നൗവിന് കനത്ത തിരിച്ചടിയാണ്. രാഹുൽ പുറത്തായപ്പോൾ കഴിഞ്ഞ കളി ഓപ്പണറായെത്തിയ മനൻ വോഹ്റ നിരാശപ്പെടുത്തിയതിനാൽ ഇന്ന് ക്വിൻ്റൺ ഡികോക്ക് ടീമിലെത്തിയേക്കും. അങ്ങനെയെങ്കിൽ നവീനുൽ ഹഖ് പുറത്തിരിക്കും. കരൺ ശർമയ്ക്ക് പകരം ദീപക് ഹൂഡയും കളിക്കും. 10 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുള്ള ലക്നൗ ഇന്ന് വിജയിച്ചാൽ രണ്ടാമതെത്തും.

ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നിവരുടെ ഫോമാണ് രാജസ്ഥാനെ വലയ്ക്കുന്നത്. ബട്ലറും ഹെട്മയറും നിരാശപ്പെടുത്തുമ്പോൾ സഞ്ജു മികച്ച തുടക്കം മുതലെടുക്കാനാവാതെ നിരാശപ്പെടുത്തുന്നു. മൂന്ന് പേരും ടീമിലെ സുപ്രധാന താരങ്ങളായതുകൊണ്ട് തന്നെ ഇത് രാജസ്ഥാൻ്റെ പ്രകടനങ്ങളെ സാരമായി ബാധിക്കുന്നു. ദേവ്ദത്ത് പടിക്കലിൻ്റെ ബാറ്റിംഗ് പൊസിഷനും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഫോമൗട്ടായ മൂന്ന് പേർ ഫോമിലേക്കെത്തിയാൽ മാറിയേക്കാവുന്ന പ്രശ്നങ്ങളേ രാജസ്ഥാനുള്ളൂ. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചായതിനാൽ രാജസ്ഥാൻ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കുന്നത് തുടർന്നേക്കും. എന്നാൽ, സാമ്പയ്ക്ക് പകരം ജോ റൂട്ട് ക്രീസിലെത്തി ദേവ്ദത്തിനു പകരം മുരുഗൻ അശ്വിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. 10 മത്സരങ്ങളിൽ 10 പോയിൻ്റുമായി നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ ഇന്ന് വിജയിച്ചാൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്ക് ഉയരും.

ഹൈദരാബാദിൻ്റെ പ്രശ്നങ്ങൾ പഴയത് തന്നെ. ബാറ്റിംഗ് നിരയുടെ മോശം ഫോം. ടി-20 സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ പവർ പാക്ക്ഡ് താരങ്ങളുള്ള ഹൈദരാബാദ് ബാറ്റിംഗ് നിര ഫോമിലെത്തിയാൽ അവരുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കും. സ്പിൻ പിച്ചായതിനാൽ ആദിൽ റഷീദോ അകീൽ ഹുസൈനോ മാർക്കോ യാൻസനു പകരം കളിച്ചേക്കാം.

Story Highlights: gujarat lsg rajasthan srh ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here